കാലിഫോർണിയയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ചർ ക്യാപ്പിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻഹൊറോവിറ്റ്സിലെ ജസ്റ്റിൻ മൂർ കഴിഞ്ഞ ദിവസം പങ്കുവച്ച എഐ വീഡിയോ ആണിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ഇതൊരു എഐ വീഡിയോ ആണെന്ന് പെട്ടെന്ന് മനസിലാകില്ല. കാരണം അത്രയും പെർഫെക്ട് ആയിട്ടാണ് ഇത് എഡിറ്റ് ചെയ്തിരിക്കുന്നത്.
ഒരു മിഡിൽ ക്ലാസ് ഇന്ത്യൻ കുടുംബം ഒത്തുചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണിത്. “ഇതൊരു യഥാർത്ഥ ഹോം വീഡിയോ അല്ല. ഒരു പഴയ വീഡിയോ ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിച്ചതുപോലെ തോന്നിപ്പിക്കുന്ന എ ഐ വീഡിയോകൾ ഞങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും. എ ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ ഇനി വലിയൊരു മാറ്റമാണ് കാണാൻ പോകുന്നത്’എന്ന കുറിപ്പോടെയാണ് ജസ്റ്റിൻ മൂർ ഈ വീഡിയോ പങ്കുവച്ചത്.
വീഡിയോ വൈറലോയതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത് യാഥാർഥ്യ വീഡിയോ അല്ലന്ന് തെളിയിക്കുന്നതിനായി ഏതാനും ചെറിയ പിഴവുകളാണ് ആളുകൾ കണ്ടെത്തിയത്.
അതിൽ ഒന്ന് കേക്കുമായി വരുന്ന വീട്ടമ്മയുടെ കാതിലെ കമ്മലാണ്. രണ്ട് കാതിലും രണ്ട് കമ്മലുമാണ് ഇട്ടിരിക്കുന്നത്. മാത്രമല്ല കേക്കുമായി അവർ എത്തുന്പോൾ ഗൃഹനാഥന്റെ കൈയിൽ ഇരുന്ന കാർഡ്ബോർഡ് പെട്ടി പെട്ടന്ന് അപ്രത്യക്ഷമാകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇത്തരം വളരെക്കുറച്ച് തെറ്റുകൾ മാറ്റി നിർത്തിയാൽ ഇത് എഐ ആണെന്ന് ആരും പറയില്ല.