വടകര : ഒരു മാസം നീണ്ട പരിശ്രമത്തിനു ശേഷം വടകര നഗരം സുന്ദരനഗരമായി. കര്‍മ-2016 പദ്ധതിയുടെ ഭാഗമായി വടകര നഗരം സുന്ദര നഗരമായി പ്രഖ്യാപിച്ചു. കളക്ടര്‍ എന്‍.പ്രശാന്ത് പ്രഖ്യാപനം നിര്‍വഹിച്ചു. നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് നഗരസഭാ നേതൃത്വത്തില്‍ കര്‍മ പദ്ധതി ആവിഷ്കരിച്ചത്. ഗാന്ധിജയന്തി നാളില്‍ തുടങ്ങിയ ഒരു മാസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് പിന്തുണ ലഭിച്ചതോടെ ജനമുന്നേറ്റമായി. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക-രാഷ്ട്രീയ- യുവജന സംഘടനാ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍ തുടങ്ങി നാനാതുറകളില്‍പെട്ടവര്‍ നഗര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കര്‍മ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഇനി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ വീടുകളിലും മറ്റ് വിശേഷ അവസരങ്ങളിലും കഴുകി ഉപയോഗിക്കുന്ന ഗ്ലാസും പ്ലേറ്റുമേ പാടുള്ളൂ. ഇതിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വലിച്ചെറിയല്‍ സംസ്കാരം പാടെ ഉപേക്ഷിച്ചു നഗരസഭയെ തുടര്‍ന്നും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനപിന്തുണയുണ്ടാകേണ്ടതുണ്ട്.
പ്രഖ്യാപനപരിപാടിയുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയില്‍ നൂറ് കണക്കിന് പേര് പങ്കാളികളായി. പുതിയ സ്റ്റാന്റഡില്‍ നിന്നാരംഭിച്ച് എടോടി വഴി പഴയ ബിഎഡ് സെന്റര്‍ പരിസരത്ത് ഘോഷയാത്ര അവസാനിച്ചു. പ്രഖ്യാപന ചടങ്ങില്‍ ചെയര്മാന് കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു. ബയോഗ്യാസ് ഉപഭോക്താക്കള്‍ക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി.പി.ശ്രീധരന് രേഖകള്‍ കൈമാറി. വൈസ് ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.അശോകന്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ദിവാകരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജില്‍കുമാര്‍, ഇ.അരവിന്ദാക്ഷന്, പി.സഫിയ, റീന ജയരാജ്, വി.ഗോപാലന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ സെക്രട്ടറി അരുണ്‍ രംഗന് എന്നിവര്‍ സംസാരിച്ചു.