സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരൻ പിടിയിൽ. മോഷണ ശേഷം ഇയാൾ രാജ്യം വിട്ടു. എന്നാൽ താൻ പിടിക്കപ്പെടില്ലന്ന ആത്മ വിശ്വാസത്താൽ അയാൾ വീണ്ടും അവിടേക്ക് തിരികെ എത്തിയപ്പോൾ പോലീസ് കൈയോടെ പിടി കൂടുകയായിരുന്നു.
വിമാനത്താവളത്തിലെ 14-ഓളം കടകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ അതായത് 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.
മെയ് 29നായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ കടകളിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനിടയിൽ കടയിൽ നിന്നും ഒരു ബാഗ് മോഷണം പോയതായി കണ്ടെത്തി. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കടയിൽ നിന്നും ബാഗുമായി കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലന്ന് അധികം വൈകാതെ പോലീസ് കണ്ടെത്തി. എയർപോർട്ടിനുള്ളിലെ തന്നെ മറ്റ് 13 കടകളിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം നൽകാതെ സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ പിന്നീട് കണ്ടെത്തി.
എന്നാൽ ഇയാൾ സിംഗപ്പൂർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മോഷണം ഇതുവരേയും പിടിക്കപ്പെട്ടില്ലന്ന സമാധാനത്താൽ അയാൾ വീണ്ടും ജൂൺ 1- ന് സിംഗപ്പൂരിൽ തിരികെയെത്തി. ജുവൽ ചാംഗി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.