ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ). 1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു.
ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി.
നിയമങ്ങൾ പുതുക്കുന്നു
1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി. ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്.
അന്താരാഷ്്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ. വര്‍ഷംതോറുമോ കാലാകാലങ്ങളിലോ ഫിഡെ അംഗങ്ങള്‍ ഇതിനായി സമ്മേളിക്കും. ഫിഡെയില്‍ ഇപ്പോള്‍ ഇരുനൂറോളം അംഗങ്ങളുണ്ട്. അറുപതു ലക്ഷത്തിലധികം കളിക്കാരും ഈ ലോകസംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന അയ്യായിരത്തിലധികം ടൂര്‍ണമെന്റുകളില്‍ ഇതേ കളിക്കാര്‍ പങ്കെടുക്കുന്നു.
ചെസ് ഒളിന്പ്യാഡ്
ചെസ് ഒളിന്പ്യാഡ് ആരംഭിച്ചത് 1927ലാണ്. ലണ്ടനില്‍ നടന്ന ആദ്യ ടൂര്‍ണമെന്റില്‍ ഹംഗറിയായിരുന്നു ജേതാക്കള്‍. രണ്ടാം സ്ഥാനം ഡെന്മാര്ക്കും മൂന്നാം സ്ഥാനം ബ്രിട്ടനും നേടി. ചെസില്‍ കളി തുടങ്ങുന്നതിന് ഓപ്പണിംഗ് എന്നാണു പറയുക. ഓപ്പണിംഗുകളില്‍ വളരെ പ്രാധാന്യമുണ്ട്. ചെസില്‍ ആറുതരം കരുക്കളാണുള്ളത്.
തേര് (റൂക്), ആന (ബിഷപ്), കുതിര (നൈറ്റ്), രാജ്ഞി (ക്യൂന്‍), രാജാവ് (കിംഗ്), കാലാള്‍ എന്നിവ. ഒരു കളിക്കാരന് ഒരു കരുവില്‍ തൊട്ടാല്‍ ആ കരുതന്നെ നീക്കണമെന്നാണു ചെസിലെ നിയമം. ടച്ച് മൂവ് റൂള്‍ എന്നാണ് ഇതറിയപ്പെടുക. കളിക്കാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പോയിന്റ് ലഭിക്കുന്നതിനെക്കുറിക്കുന്ന പ്രതിപാദ്യമാണ് എലോ റേറ്റിംഗ്. ഈ സംവിധാനത്തിനു രൂപംകൊടുത്തതു ഹംഗറിക്കാരനായ അര്‍പ്പാദ് എലോ ആണ്. എലോറേറ്റിംഗ് എന്നു പേരുണ്ടായതിന്റെ കാരണവും അതുതന്നെ.
ഗ്രാന്‍ഡ് മാസ്റ്റര്‍
ലോക ചെസ് ചാമ്പ്യന്‍ പട്ടമാണ് ചെസ് മത്സരരംഗത്തെ പരമോന്നത ബഹുമതി. ഒരു സമയം ഒരാള്‍ക്കു മാത്രം അവകാശപ്പെടാന്‍കഴിയുന്ന സിംഹാസനം. എന്നാല്‍, ലോക ചാമ്പ്യനോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ക്കൊരു പദവി ലഭിക്കും- ഗ്രാന്‍ഡ് മാസ്റ്റര്‍. ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ തൊട്ടുതാഴെയുള്ള നിരയിലെ കളിക്കാര്‍ അറിയപ്പെടുക ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നാണ്. വനിതാ ചെസിലും ഇതേപോലുള്ള വനിതാ സ്ഥാനമാനങ്ങളുണ്ട്. രാജ്യാന്തരതലത്തില്‍ മുന്‍നിരക്കാരായ ചെസ് കളിക്കാര്‍ക്കു ലഭിക്കുന്ന ബഹുമതിയാണു ഗ്രാന്‍ഡ് മാസ്റ്റര്‍. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനാണ് ഈ പദവി ഏര്‍പ്പെടുത്തിയത്.
ചെസിന്റെ തുടക്കം
നൂറു കണക്കിനു വര്‍ഷം പഴക്കമുള്ള വിനോദമാണു ചെസ്. ഭാരതമാണ് ചെസിന്റെ ജന്മദേശം. ഇവിടെ പണ്ടുകാലംമുതലേ നിലവിലുണ്ടായിരുന്ന ചതുരംഗമാണ് ചെസിന്റെ ആദിമരൂപം. ഈജിപ്റ്റ്, ഗ്രീസ്, റോം എന്നിവിടങ്ങളിലും ചെസ് വളരെ പണ്ടുമുതല്ക്കേ നിലനിന്നിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ചൈനക്കാരും പേര്‍ഷ്യക്കാരും അയര്‍ലൻഡുകാരും തങ്ങളുടെ രാജ്യത്താണ് ചെസ് ജന്മമെടുത്തതെന്നു സമര്‍ഥിക്കുന്ന ഐതിഹ്യങ്ങള്‍ നിരത്തുന്നുമുണ്ട്.
ഷാ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണു ചെസ് എന്ന വാക്കുണ്ടായത്. രാജാവ് എന്നാണ് ഷാ എന്ന വാക്കിനര്‍ഥം. ചെസില്‍ എതിരാളിയുടെ രാജാവിനെ അനങ്ങാന്‍ വയ്യാതാക്കുന്നതിനു ചെക്മേറ്റ് എന്നാണു പറയുക. ഷാ മാറ്റ് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ഈ പദമുണ്ടായത്. രാജാവ് മരിച്ചു എന്നാണ് ഷാമാറ്റിന്റെ അര്‍ഥം.
ചെസ് കളിയില്‍ ഓരോ കളിക്കാരനും നിശ്ചിത സമയത്തിനുള്ളില്‍ കരു നീക്കിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഓരോ കളിക്കാരനും കരു നീക്കാനെടുക്കുന്ന സമയം കണക്കാക്കാന്‍ സഹായിക്കുന്ന പ്രത്യേക ക്രമീകരണമുള്ള ക്ലോക്കാണ് ചെസ് ക്ലോക്ക്. ഓരോ കളിക്കാരനും തന്റെ നീക്കത്തിനുശേഷം ക്ലോക്കിലെ സ്വിച്ചമര്ത്തുന്നു. അതോടെ അടുത്തയാളുടെ ഊഴമായി.
ഇന്ത്യന്‍ ചെസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഓള് ഇന്ത്യ ചെസ് ഫെഡറേഷന് എന്ന സംഘടനയാണ്. മുംബൈ ആസ്ഥാനമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെസ് താരമാണ് തമിഴ്നാട്ടില്‍നിന്നുള്ള വിശ്വനാഥന് ആനന്ദ്.
- തയാറാക്കിയത് –
മാത്യൂസ് ആർപ്പൂക്കര