കോട്ടയം: സര്‍ക്കാര്‍ ഉത്തരവിട്ട വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ഇന്നലെ തുടക്കമായെങ്കിലും സദ്യ ഒരാഴ്ചപോലും നീളില്ലെന്ന് പ്രധാനാധ്യാപകര്‍. സാമ്പാറും തോരനും കൂട്ടിയുള്ള ഊണ് കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിലോയ്ക്ക് 100 രൂപ വിലയുള്ള അരിയുടെ ബിരിയാണിയും ഫ്രൈഡ് റൈസും തേങ്ങാച്ചോറുമൊന്നും മുന്നോട്ടുപോകില്ല. സര്‍ക്കാര്‍ ഒരു കുട്ടിക്ക് പത്തു രൂപ നല്കിയാലൊന്നും പുതിയ മെനുവിന്റെ പത്തിലൊന്ന് ചെലവ് വരില്ല. ഒരു ചായയ്ക്കുപോലും കടകളില്‍വരെ 12-15 രൂപയാണ്.
ദിവസം 600 രൂപ വേതനത്തിന് പാചകം നടത്താന്‍ പറ്റില്ലെന്നാണ് പാചകത്തൊഴിലാളികളുടെ നിലപാട്. കുട്ടികള്‍ 250ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിയെ പാചകം ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്കി മറ്റൊരു തൊഴിലാളിയേക്കൂടി കൂട്ടിയാണ് പലരും പാചകം നടത്തുന്നത്.
ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, തേങ്ങാ റൈസ് എന്നിവയില്‍ ഒരു ഇനം ഉണ്ടാക്കാനാണ് നിര്‍ദേശം. ഇതിനൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയുടെ ചമ്മന്തിയും വേണം. മറ്റുള്ള ദിവസങ്ങളില്‍ റാഗിയോ ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവും വേണം.ഇക്കൊല്ലം മുതല്‍ പ്രീപ്രൈമറി മുതല്‍ അഞ്ചാം ക്ലാസുവരെ ഒരാള്‍ക്ക് 6.78 രൂപയും എട്ടാം ക്ലാസ് വരെ 10.17 രൂപയുമാണ് ലഭിക്കുക.
പുതിയ മെനു നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളെയോ സന്നദ്ധസംഘടനകളെയോ സമീപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മുരിങ്ങയില, ചക്കക്കുരു, കപ്പളങ്ങ എന്നിവ നാട്ടില്‍നിന്നോ സ്കൂള്വളപ്പില്നിന്നോ ശേഖരിക്കാന്‍ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാലും ഇല്ലെങ്കിലും വിഭവങ്ങള്‍ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്വം പ്രഥമാധ്യാപകര്‍ക്കാണ്. തേങ്ങാ, വെളിച്ചെണ്ണ വില വര്‍ധിച്ചതിനാല്‍ ഇവ വാങ്ങുക ഭാരിച്ച ബാധ്യതയാണ്.
അണ് ഇക്കണോമിക് സ്കൂളുകളില്‍ ഒന്നോ രണ്ടോ അധ്യാപകര്‍ മാത്രമാണ് സ്ഥിരം നിയമനക്കാര്‍. 500 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ ഒരു പാചകത്തൊഴിലാളിക്കുള്ള വേതനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ചോറും കറിയും തയാറാക്കേണ്ടതും പാലും മുട്ടയും ഒരുക്കേണ്ടതും ഒരാളാണ്. നാലുവര്‍ഷം മുന്‍പ് നിശ്ചയിച്ച 600 രൂപ മുന്‍പൊക്കെ വര്‍ഷവും 50 രൂപ വീതം കൂട്ടുമായിരുന്നു.
കുട്ടികളില്‍ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ മെനു നിര്‍ദേശിച്ചത്. 20 പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചിരിക്കുന്നത്. സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും ചുമരിലും പരിഷ്കരിച്ച മെനു പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.