കോഴിക്കോട്: പശുക്കടവിൽ വൈദ്യുതിക്കെണിയിൽനിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
അസ്വാഭാവിക മരണത്തിനാണ് നിലവിൽ ലിനീഷിനെതിരേ കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടിയതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടിയിലേക്കു കടക്കുക.
പശുക്കടവിൽ കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷിജുവിനെ ഭാര്യ ബോബിയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്.