മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്യാാാ; ഈ എയ്ഡ് പോസ്റ്റ്…

pkd-aidppotമുളങ്കുന്നത്തുകാവ്: ഗതികിട്ടാത്ത നാഗവല്ലിയുടെ ആത്മാവോ കാര്‍ന്നോരോ ഇല്ലെങ്കിലും മണിച്ചിത്രത്താഴിട്ട്പൂട്ടിയിരിക്കുകയാണ് ഈ പോലീസ് എയ്ഡ് പോസ്റ്റ്. ഇതുമൂലം നട്ടം തിരിഞ്ഞലയുന്നത് പാവം പോലീസുകാരും വിവിധ ആവശ്യങ്ങള്‍ക്ക് പോലീസ് എയ്ഡ്‌പോസ്റ്റ് തേടിയെത്തുന്നവരും. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് അടച്ചുപൂട്ടി ഭദ്രമാക്കിയ ഈ പോലീസ് എയ്ഡ്‌പോസ്റ്റുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ഈ പോലീസ് എയ്ഡ്‌പോസ്റ്റിലെത്തുന്നവര്‍ അടച്ചുപൂട്ടിയ കെട്ടിടം കണ്ട് മടങ്ങുന്നത് പതിവാണ്. പോലീസ് എയ്ഡ്‌പോസ്റ്റ് കെട്ടിടം ഇതാണെങ്കിലും എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് അത്യാഹിത വിഭാഗത്തിനു സമീപം കാര്‍ഡ്‌ബോര്‍ഡുകൊണ്ട് മറച്ച ഒരു കുടുസുമുറിയിലാണ്. ഈ കെട്ടിടം കണ്ടെത്തണമെങ്കില്‍ എംആര്‍ഐ സ്കാന്‍ വേണ്ടിവരും.

വാഹനാപകടങ്ങള്‍ സംഭവിച്ചാലോ മോഷണം നടന്നാലോ മരണം സംഭവിച്ചാലോ തീപൊള്ളല്‍, ആത്മഹത്യശ്രമം എന്നീ പ്രശ്‌നങ്ങള്‍ വന്നാലോ മറ്റു പോലീസ് സ്‌റ്റേഷനുകളിലേക്ക് യഥാസമയം ഇക്കാര്യങ്ങള്‍ അറിയിക്കാനും ക്രമസമാധാന പാലനത്തിനുമാണ് പോലീസ് എയ്ഡ് പോസ്റ്റ് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷങ്ങള്‍ ചിലവഴിച്ച് എയ്ഡ് പോസ്റ്റിന് വേണ്ടി നിര്‍മിച്ച കെട്ടിടം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തതിന്റെ ഗുട്ടന്‍സ് ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല. ഒരു വര്‍ഷമായി ഇതടഞ്ഞു കിടക്കുകയാണ്. കുടുസുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ എയ്ഡ്‌പോസ്റ്റില്‍ പോലീസുകാര്‍ തിങ്ങിഞെരുങ്ങിയാണ് ഡ്യൂട്ടി ചെയ്യുന്നതും വിശ്രമിക്കുന്നതും.

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദുരെക്ക് പോകണം. ഒരു കട്ടിലും ഒരു മേശയും രണ്ട് കസേരയുമാണ് ഈ എയ്ഡ്‌പോസ്റ്റിലെ ഫര്‍ണീച്ചറുള്‍. ഒന്നില്‍ കൂടുതല്‍ പോലീസുകാര്‍ എയ്ഡ്‌പോസ്റ്റിലെത്തിയാല്‍ നിന്നു തിരിയാന്‍ പോലും ഇടമില്ല. കഴിഞ്ഞയാഴ്ച തീപ്പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ മൊഴിയെടുക്കാന്‍ കോടതിയില്‍ നിന്നും മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ചില രേഖകള്‍ ലഭിക്കാനായി മജിസ്‌ട്രേറ്റ് എയ്ഡ്‌പോസ്റ്റിലേക്ക് ആളെ പറഞ്ഞുവിട്ടു. പോലീസ് എയ്ഡ്‌പോസ്റ്റിലെത്തിയ ആള്‍ കെട്ടിടം അടഞ്ഞുകിടക്കുന്നതായാണ് കണ്ടത്.

കുടുസുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് ഇയാള്‍ കണ്ടില്ല. പോലീസ് എയ്ഡ്‌പോസ്റ്റ് അടഞ്ഞുകിടക്കുന്ന വിവരം മജിസ്‌ട്രേറ്റിനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഇതു സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതെത്തുടര്‍ന്ന് പോലീസുകാര്‍ നടപടിക്ക് വിധേയരായിരിക്കുകയാണ്. പലരും ഇത്തരത്തില്‍ അടച്ചിട്ട എയ്ഡ്‌പോസ്റ്റ് കണ്ടും കുടുസുമുറിയിലെ എയ്ഡ്‌പോസ്റ്റ് കാണാതെയും മടങ്ങുന്നുണ്ട്. ഇതുമൂലം നടപടി നേരിടേണ്ടി വരുന്നത് എയ്ഡ്‌പോസ്റ്റിലെ പോലീസുകാരാണ്. പരാതി പറയാനുണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു നടക്കേണ്ട ഗതികേടിലാണ് പോലീസുകാരിപ്പോള്‍.

Related posts