ജറൂസലെം: ഗാസ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്കു സുരക്ഷാ കാബിനറ്റ് അനുമതി നല്കി.
ഹമാസിനെ തകർക്കുകയെന്നതാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഗാസ മുഴുവനായി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയാണ് ഇസ്രയേലിന്റെ നീക്കമെന്നാണു നിഗമനം. ഗാസ മുഴുവൻ ഏറ്റെടുക്കുമെന്നായിരുന്നു നേരത്തേ നെതന്യാഹു പറഞ്ഞിരുന്നത്.
ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുക, ഹമാസോ പലസ്തീൻ അഥോറിറ്റിയോ അല്ലാത്ത ഭരണകൂടം ഗാസയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അതേസമയം, സുരക്ഷാ കാബിനറ്റ് തീരുമാനം സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നു.
യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിലുടനീളം പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രേലി തീരുമാനത്തിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം രംഗത്തുവന്നു. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി ജർമനി അറിയിച്ചു. ബ്രിട്ടനും ഇസ്രയേലിനെതിരേ രംഗത്തെത്തി.
ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) തയാറെടുക്കുകയാണെന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, ഗാസ സിറ്റിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിനെതിരേ ഇസ്രേലി സൈനിക തലവൻ ലഫ്. ജനറൽ ഇയാൽ സമീർ മുന്നറിയിപ്പു നല്കിയിരുന്നു.
ഗാസ ഏറ്റെടുക്കാനോ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനോ തങ്ങൾക്കു പദ്ധതിയില്ലെന്ന്, ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരോടു ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
“”ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരികെയെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പിന്നീട് ഗാസയുടെ ഭരണം ഇടക്കാല സർക്കാരിനെ ഏൽപ്പിക്കും’’- നെതന്യാഹു കൂട്ടിച്ചേർത്തു.
ഗാസ സിറ്റിയുടെ നിയന്ത്രണം ഇസ്രേലി സേന ഏറ്റെടുത്താൽ സംഘർഷം രൂക്ഷമാകുമെന്നും ബന്ദികളുടെ മോചനം വൈകുമെന്നും കുടുംബാംഗങ്ങൾ ആശങ്കപ്പെടുന്നു. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നു ബന്ദികളുടെ കുടുംബങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇസ്രയേൽ-ഗാസ യുദ്ധം ആരംഭിച്ചത്. 1200 പേരെയാണ് ഹമാസ് ഭീകരർ വധിച്ചത്. 251 പേരെ ബന്ദികളാക്കി. ഇവരിൽ അന്പതിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ധനത്തിലാണ്.
ഇസ്രേലി സൈനികനടപടിയിൽ 60,000ലേറെ പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ ലക്ഷക്കണക്കിനു ജനങ്ങൾ കൊടുംപട്ടിണിയിലാണ്. നൂറുകണക്കിനു പേർ പട്ടിണിമൂലം മരിച്ചു.