കഴിഞ്ഞ വര്‍ഷമാണു നടൻ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചിതരായത്. 2022 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇരുവര്‍ക്കും കഴിഞ്ഞ നവംബറിലാണ് ചെന്നൈയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ ധനുഷിന്റെ പുതിയ പ്രണയവാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
നടി മൃണാള്‍ ഠാക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന മൃണാളിന്റെ പിറന്നാളാഘോഷത്തിൽ ധനുഷ് പങ്കെടുത്തിരുന്നു. മൃണാളും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലെത്തിയിരുന്നു.
ചടങ്ങില്‍ ധനുഷും മൃണാളും സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ധനുഷിന്റെ അടുത്തേക്കു ചാഞ്ഞുനിന്നു മൃണാള്‍ സ്വകാര്യമായി എന്തോ സംസാരിക്കുന്നതു വീഡിയോയില്‍ കാണാം. ഇതിനു താഴെ ഒട്ടേറെപ്പേരാണ് പ്രണയത്തിലാണെന്ന തരത്തില്‍ പ്രതികരിച്ചത്. സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ, ചില സൂചനകളുണ്ട്, അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നു തോന്നുന്നു, ശരിക്കും എനിക്കു വിശ്വസിക്കാനാവുന്നില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ തേരെ ഇഷ്ക് മേയുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന് ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കനിക ധില്ലന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ധനുഷിനൊപ്പം മൃണാള്‍ ഠാക്കൂറും ഉണ്ടായിരുന്നു.
ധനുഷും മൃണാൽ താക്കൂറും ഡേറ്റിംഗിലാണോ? എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്നതിനു പുതിയ തെളിവ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മൃണാളിനും ധനുഷിനും ജോയിന്റ് സ്പോട്ടിഫൈ അക്കൗണ്ടാണുള്ളത്.
അടുപ്പമില്ലാത്തവർ തമ്മിൽ എങ്ങനെ ഇങ്ങനൊന്നു സംഭവിക്കുമെന്നാണ് സിനിമാപ്രേമികളുടെ സംശയം. മാത്രമല്ല നടി ഇപ്പോൾ തമിഴ് സിനിമാ ഗാനങ്ങളുടെ ആരാധികയായി മാറി എന്നതും വ്യക്തമാണ്. അതും ഇളയരാജ ഗാനങ്ങൾ. ധനുഷിന്റെ പ്രിയപ്പെട്ടവയാണ് ഇളയരാജ ഗാനങ്ങൾ. അതിനാൽ തന്നെ തമിഴ് സിനിമാ ഗാനങ്ങളെ മൃണാൽ പ്രണയിച്ചുതുടങ്ങിയെങ്കിൽ അതിനുപിന്നിൽ ധനുഷ് തന്നെയാകും കാരണമെന്ന് ഈ തെളിവുകളെല്ലാംവച്ച് ആരാധകരും ഉറപ്പിച്ചുകഴിഞ്ഞു.
മുപ്പത്തിമൂന്നൂകാരിയായ മൃണാൾ മഹാരാഷ്ട്രയിലാണു ജനിച്ചുവളർന്നത്. സീതാരാമത്തിലെ പ്രകടനമാണ് നടിക്ക് തെന്നിന്ത്യയിൽ ആരാധകരെ നേടിക്കൊടുത്തത്. ഹിന്ദി സീരിയലുകളിൽ നിന്ന് സിനിമയിലേക്ക് എത്തിയ മൃണാൾ ഇതുവരെയും തമിഴിൽ അഭിനയിച്ചിട്ടില്ല. മൃണാളുമായി ധനുഷ് ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ എല്ലാം പരസ്യമായ രഹസ്യമാണെന്നാണ് ചിലർ റെഡ്ഡിറ്റിൽ കുറിച്ചത്.
എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും 2022ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.