ആലപ്പുഴ: അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മർദനത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച്
ആരോഗ്യ മന്ത്രി വീണാ ജോർജ്. എംഎൽഎ അരുൺ കുമാറിനൊപ്പമാണ് മന്ത്രി കുഞ്ഞിനെ സന്ദർശിച്ചത്.
പിതാവിന്റെ അമ്മയുടെ സംരക്ഷണത്തിലാണ് നിലവിൽ കുട്ടി. വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുകയെന്നും നാളെ മുതൽ സ്കൂളിൽ പോകുമെന്നും മന്ത്രി അറിയിച്ചു. അച്ഛന്റെഅമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും മന്ത്രി സന്ദർശിച്ചു.
കുഞ്ഞിനെ സന്ദർശിച്ച ശേഷം മന്ത്രി ഫേസ്ബുക്കിൽ കുട്ടി എഴുതിയ കവിതയും പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റ്…
തൊട്ടിലിലാട്ടുമമ്മ
താരാട്ടായി പാടുമമ്മ
ഒന്നല്ല
രണ്ടല്ല
മൂന്നല്ല
നാലല്ല
പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ…
ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകൾ തന്റെ അമ്മയെ കുറിച്ചെഴുതിയതാണ് കവിത. ഇത് മാത്രമല്ല ഒരുപാട് കവിതകൾ ഉണ്ട് അവളുടെ നോട്ട് ബുക്കിൽ, അവൾ എഴുതിയ കവിതകൾ. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ അവൾ.
വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുക. നാളെ മുതൽ സ്കൂളിൽ പോകും. ഇന്നലെ ഈ മകളേയും അച്ഛന്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും ഇന്നലെ സന്ദർശിച്ചു. എംഎൽഎ ശ്രീ അരുൺ കുമാറും ഒപ്പമുണ്ടായിരുന്നു.