തിരുവനന്തപുരം: ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര്‍ശയ്ക്ക് ചെക്ക് വച്ച് സര്‍ക്കാര്‍. ബാറുടമകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതല്‍ വിവാദങ്ങളിലേക്ക് പോകുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് ബെവ്കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയത്.
മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ബെവ്കോ എംഡി. ഹര്‍ഷിത അത്തല്ലൂരിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്.
23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ശിപാര്‍ശ. മദ്യം ബുക്ക് ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും ബെവ്കോ തയാറാക്കിയിരുന്നു. പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ സഹിതമാണ് ബുക്ക് ചെയ്യേണ്ടതെന്നായിരുന്നു ബെവ്കോയുടെ തീരുമാനം.
ബെവ്കോയുടെ നിലവിലുള്ള ശിപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ബാറുകളിലെ വരുമാനം കുറയുമെന്നും അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബാറുടമകളും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പുതിയ വിവാദങ്ങള്‍ വിജയസാധ്യതയെയും തുടര്‍ ഭരണത്തെയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് ബെവ്കോയുടെ തീരുമാനം തള്ളിയത്.