അമ്പലപ്പുഴ: മത്സ്യമേഖല ഉണർന്നു. ഇറച്ചി ക്കോഴിവില താഴോട്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ കാലവർഷം ശക്തിപ്രാപിക്കുകയും വള്ളങ്ങൾ കടലിൽ പോകാതിരിക്കുകയും ചെയ്തതോടെ വിപണിയിൽ മൽസ്യക്ഷാമം രൂക്ഷമായി.
മത്തി അടക്കമുള്ള മൽസ്യങ്ങൾക്ക് ഈ സമയം കിലോയ്ക്ക് 450 രൂപ വരെയെത്തി. മീൻ വാങ്ങിയാൽ കൈ പൊള്ളുന്നതുകൊണ്ട് പലരും കോഴിയിറച്ചിയെ ആശ്രയിച്ചു. എന്നാൽ ഈ സമയം മുതലാക്കി കോഴിക്കും വില കുതിച്ചുകയറി.
ഇറച്ചി കിലോയ്ക്ക് 270 രൂപ വരെയെത്തി.പക്ഷേ മഴ മാറി കഴിഞ്ഞ ദിവസം മുതൽ മൽസ്യവിപണി സജീവമായതോടെ കോഴി യിറച്ചിവില ഇടിഞ്ഞു. കിലോയ്ക്ക് 250 രുപയായിരുന്ന ഇറച്ചി ഇന്നലെ 170 രൂപയ്ക്കാണു വിറ്റത്.
എന്നാൽ പല ഇറച്ചിവിൽപ്പനശാലകളിലും തോന്നിയ വിലയിട്ടു വിൽക്കുന്നതായും ആക്ഷേപമുണ്ട്. എന്തായാലും ചാകരയിലെ വില്ലനായ നാടൻ മത്തി അടക്കം സുലഭമായി മീൻവരവ് വിപണിയിൽ കൂടുന്നതോടെ കോഴിയിറച്ചിവില ഇനിയും താഴാനാണുസാധ്യത.