ഹരിപ്പാട്: ദേശീയപാത നിർമാണത്തിന് ഉപയോഗിച്ച ടിപ്പർ ലോറി കരുവാറ്റയിൽ നിന്നു മോഷ്ടിച്ച് തമിഴ്നാട്ടിലേക്കു കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ നാരായ ണപ്പാറ ചാവശ്ശേരി ഉളിയിൽ നൗഷാദ് (46) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ലോറി കടത്തിക്കൊണ്ടുപോയ കോഴിക്കോട് കൊയിലാണ്ടി കൂത്താളി പൈതോത്ത് പേരാമ്പ്ര കാപ്പുമ്മൽ കെ.എം.മുജീബ് റഹ്മാൻ(35), തൃശ്ശൂർ ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് എ.എസ്.ഷെഫീക് (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദ് മാലമോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
ജൂൺ 23ന് മോഷണം പോയ ലോറി, വിശ്വസമുദ്ര കമ്പനിയുടെ കോൺട്രാക്ട് പണിക്ക് ഉപയോഗിച്ചിരുന്നു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആലപ്പുഴ എസ്പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ ആദ്യം പിടികൂടി. മലപ്പുറത്ത് നിന്നുള്ള ഒരാൾ വണ്ടിക്കൂലി വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് നിന്നു ലോറി മോഷണം നടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.
പോലീസ് നടത്തിയത് നാടകീയ അന്വേഷണം
ഒരു ഫോൺ നമ്പർ മാത്രമായിരുന്നു പോലീസിന്റെ പക്കൽ ഉണ്ടായിരുന്ന ഏകപിടിവള്ളി. ഈ നമ്പർ ഓഫാക്കിയ നിലയിലും ആയിരുന്നു. ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, എഎസ്ഐ ബിജു രാജ്, സിപിഒമാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവർ കണ്ണൂർ,കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഫോൺ ഡീറ്റെയിൽസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, കോഴിക്കോട് ഫാറൂക്കിൽ ഒരു ഹോട്ടൽ ജീവനക്കാരൻ ഉസ്മാൻ എന്ന പേര് പറഞ്ഞയാളെ തിരിച്ചറിഞ്ഞു. ഇയാൾ നിരവധി കേസുകൾ പ്രതിയാണെന്നും കണ്ടെത്തി.
ഫോട്ടോ ശേഖരിച്ച് സിം രജിസ്റ്റർ ചെയ്ത അഡ്രസിലെ വ്യക്തിയുമായി സ്ഥിരീകരിച്ചപ്പോൾ, പ്രതി നൗഷാദ് ആണെന്നു വ്യക്തമായി. മലപ്പുറം പരപ്പനങ്ങാടിയിലെ ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടി ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിച്ചു. നൗഷാദിനെതിരേ മോഷണക്കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.