തൃശൂര്‍: കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും കെ.മുരളീധരന്. എം.എ.ജോൺ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശന് മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല.
സതീശനേയും തന്നെയും നിയമസഭയില്‍ പിന് ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന് പറഞ്ഞു. നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു.
ഞങ്ങളെ പിന് ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന് ബെഞ്ചിലായി. അത് ചരിത്രത്തിന്റെ ഭാഗമാണ്. 2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സതീശന് നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്.
നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചര്‍ച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശനു സ്ഥാപിക്കാനായി. യുഡിഎഫിന് അടിത്തറയുണ്ടാക്കിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സതീശന് ഒരു മന്ത്രി സ്ഥാനം ലഭിച്ചില്ല.
കഴിവുള്ളവരെ എത്ര മാറ്റിനിര്‍ത്തിയാലും അവര്‍ സ്വയം മുന്നോട്ട് വരുമെന്നതിന് ഉദാഹരമാണ് സതീശന്. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. ഇനിയും പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തിന് കൈവരട്ടെ എന്നും ആശംസിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.