തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നുവീണു മരിച്ച തലയോലപ്പറന്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനു നാഷണൽ സർവീസ് സ്കീം പണിതു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
പണിതീരാതെ നിറംകെട്ട് കിടന്ന വീടിന്റെ സ്ഥാനത്ത് മനസ് നിറയ്ക്കുന്ന തരത്തിൽ വർണപ്പകിട്ടേറിയ വീടുയർന്നപ്പോൾ അതു കൺനിറയെ കാണാൻ ബിന്ദുവില്ലെന്ന വീർപ്പുമുട്ടലിലായിരുന്നു ഭർത്താവ് വിശ്രുതനും കുടുംബവും. മനോഹരമായ വീടുണ്ടാകണമെന്നത് ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്ന് അമ്മ സീതാലക്ഷ്മിയും ഭർത്താവ് കെ.വിശ്രുതനും മകൻ നവനീതും പറഞ്ഞു.
കൂടുതൽസൗകര്യങ്ങളോടെ
300 ചതുരശ്ര അടിയിൽ പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന പഴയവീടിനു പകരം പുനർനിർമിച്ച വീട്ടിൽ രണ്ടു മുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും ബാത്ത്റൂമുമടക്കം 750 ചതരുശ്ര അടി വിസ്തൃതിയുണ്ട്. സർക്കാർ വിദ്യാഭ്യാസ വകുപ്പിലെ എൻഎസ്എസിന്റെ സഹകരണത്തോടെ 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വീടു നിർമിച്ചത്.
വീടു പൂർത്തിയായെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു കൊച്ചിയിലെ ബന്ധുവീട്ടിൽ വിശ്രമിക്കുന്ന ബിന്ദുവിന്റെ മകൾ നവമി മൂന്നു മാസം കഴിഞ്ഞേ തലയോലപ്പറമ്പിലെ പുതിയ വീട്ടിലേക്കെത്തൂ. നവമി എത്തിയ ശേഷം പാലുകാച്ചൽ നടത്തി താമസം ആരംഭിക്കുമെന്ന് മുത്തശ്ശി സീതാലക്ഷ്മി പറഞ്ഞു.
മന്ത്രിമാരെത്തി
ഇന്നലെ വൈകുന്നേരം ഏഴോടെ മന്ത്രിമാരായ ആർ. ബിന്ദുവും വി.എൻ. വാസവനുമെത്തി. വീട്ടമ്മയായ ബിന്ദുവില്ലെന്ന നൊമ്പരം തളംകെട്ടിയ വീട്ടിലെത്തിയ അതിഥികൾക്കു മന്ത്രി ബിന്ദു മധുരം വിതരണം ചെയ്തു. ബിന്ദുവിന്റെ കുടുംബത്തിനു നൽകിയ എല്ലാ വാഗ്ദാനവും സർക്കാർ പാലിച്ചതായി മന്ത്രിമാർ പറഞ്ഞു.
അമ്മയുടെ തണൽ നഷ്ടമായ കുടുംബത്തിന് ഒന്നും പകരമാകില്ലെങ്കിലും ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുനിർത്തി എല്ലാ ഉറപ്പും പാലിച്ചെന്ന് പറഞ്ഞപ്പോൾ മന്ത്രി ആർ. ബിന്ദുവിന്റെ കണ്ഠമിടറി. നിർധന കുടുംബത്തിന്റെ ആശ്രയമായിരുന്ന ബിന്ദു മകളുടെ ചികിത്സാർഥം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്ങുമ്പോഴാണ് ശുചിമുറി സമുച്ചയം തകർന്നു വീണു മരിച്ചത്.
മകന് ദേവസ്വം ബോർഡിൽജോലിനൽകും: മന്ത്രി വാസവൻ
തലയോലപ്പറമ്പ്: ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിൽ അസി. എൻജിനിയറായി ജോലി നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ.
ജോലിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. ഒക്ടോബർ മൂന്നിന് ഓർഡർ നൽകും. നവനീത് സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകിയതുമൂലമാണ് താമസമുണ്ടായത്. കോട്ടയം ജില്ലയിൽ തന്നെ നിയമനം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.