തനിക്കു നേരേ നിരന്തരമായുണ്ടാകുന്ന ട്രോളുകളെയും നെഗറ്റീവ് പിആറിനെയും നേരിടുന്നതിനെക്കുറിച്ച് മനസുതുറന്ന് നടി രശ്മിക മന്ദാന. തന്റെ യഥാർഥ വികാരപ്രകടനങ്ങളെ പലപ്പോഴും വ്യാജമായി കാണുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റിയും അവർ സംസാരിച്ചു.
ഒരഭിമുഖത്തിലാണ് തന്റെ കരിയറിലുടനീളം നിരന്തരമായ ട്രോളുകളും നെഗറ്റീവ് പിആറും പൊതുജനങ്ങളിൽ നിന്നുള്ള വിലയിരുത്തലുകളും നേരിടുന്നതിന്റെ വൈകാരികമായ ആഘാതത്തെക്കുറിച്ച് രശ്മിക തുറന്നു പറഞ്ഞത്. “ഞാൻ വളരെ വൈകാരികയായ വ്യക്തിയാണെന്ന് എനിക്കറിയാം. അതേസമയം, എനിക്കത് അപ്പോഴും തുറന്നു പ്രകടിപ്പിക്കാന്‍ കഴിയില്ല, കാരണം ആളുകൾ കരുതുന്നതു ദയ എന്നത് അഭിനയവും ബലഹീനതയുടെ ലക്ഷണവുമാണെന്നാണ്. ഞാൻ ഇത് കാമറകൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് അവർ പറയുന്നു- രശ്മിക പറഞ്ഞു.
ഞാൻ ഒരുപാട് നെഗറ്റീവ് പിആറും ട്രോളുകളും നേരിട്ടിട്ടുണ്ട്. നിങ്ങൾക്ക് ദയ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, മിണ്ടാതിരിക്കുക. ആളുകളെ ശ്വാസം വിടാൻ അനുവദിക്കൂ. എന്തിനാണ് നിങ്ങൾ ആളുകളെ ശ്വാസം മുട്ടിക്കുന്നത്? വളരാൻ വേണ്ടി എന്തിനാണ് നിങ്ങൾ ആളുകളെ കഴുത്തു ഞെരിക്കുന്നത്? വേണ്ട, നമുക്കെല്ലാവർക്കും വളരാം. ലോകം വളരെ വലുതാണ്, നമുക്കെല്ലാവർക്കും ഇവിടെ സ്ഥാനമുണ്ട്.
ഓൺലൈൻ നെഗറ്റിവിറ്റിയിൽ നിന്ന് കരകയറുമ്പോൾ തന്നെ പുതിയ വിമർശനങ്ങളാൽ വീണ്ടും മുറിവേൽക്കുന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു. അതിന്റെ പ്രതിച്ഛായയിൽ കുടുങ്ങിപ്പോയതായി എനിക്ക് തോന്നാറുണ്ട്- രശ്മിക കൂട്ടിച്ചേർത്തു.വിമർശനങ്ങൾക്കിടയിലും വ്യക്തിത്വത്തെ മുൻനിർത്തി ചലച്ചിത്ര മേഖലയിലെ ജോലിയിൽ ശ്രദ്ധ നൽകി മുന്നേറുകയാണ് രശ്മിക.