കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. പ്രതി പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കളെ കോതമംഗലം പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയ സമയത്ത് മാതാപിതാക്കളും മറ്റു ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥിനി ആത്മഹത്യ കുറിപ്പ് അയച്ചു നല്‍കിയത് റമീസിന്റെ ഉമ്മയ്ക്കായിരുന്നു.
റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ സഹോദരന്റേയും അമ്മയുടെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.
അതേസമയം, പെണ്‍കുട്ടിയും റമീസും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ് ‘ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് തര്‍ക്കമായതെന്ന് പോലീസ് പറയുന്നു.
പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെണ്‍കുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെണ്‍കുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ റമീസിനെ ഫോണിലും കിട്ടാതായി.
എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസിലായ പെണ്‍കുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കേസില്‍ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തു നല്‍കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായിട്ടാണ്. എന്‍ഐഎയ്ക്ക് കേസ് കൈമാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം.
മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം, തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം എന്ന വ്യവസ്ഥ പെണ്‍കുട്ടിയുടെ മേല്‍ ചുമത്തി.
പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ മതം മാറ്റാന്‍ അവള റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടില്‍ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം കത്തില്‍ പറയുന്നു.
കോതമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കേസ് എന്‍ഐഎക്ക് കൈമാറി അന്വേഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ബന്ധത മതപരിവര്‍ത്തനത്തിന് വിദേശ സംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. പ്രതി മറ്റു പെണ്‍കുട്ടികളെ ഇതേപ്പോലെ ചതിയില്പ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
10 അംഗ അന്വേഷണ സംഘം
സംഭവം അന്വേഷിക്കാന്‍ 10 അംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാര്‍ അന്വേഷണ സംഘത്തിലുണ്ട്.