കോട്ടയം: സംസ്ഥാനത്തെ ഇറച്ചിക്കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റുന്നു. സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് ഇതിനു കാരണമെന്ന് പറയുന്നു. സംസ്ഥാനത്ത് കോഴിഫാം ലൈസന്‍സ് ലഭിക്കുന്നതിനുള്ള നൂലാമാലകൾ പുതിയ കര്‍ഷകരെ സംരംഭത്തിൽനിന്ന് അകറ്റുകയാണ്.
പുതുതായി ഒരു ഷെഡ് പണിയണമെകില് സ്ക്വയര്‍ മീറ്ററിന് 100 രൂപ വീതം ഫീസടയ്ക്കണം. കോഴി ഷെഡുകളെ പ്രത്യേകമായി പരിഗണിക്കാത്തതിനാല്‍ നഗര പ്രദേശങ്ങളിലെ വ്യാപാരം സ്ഥാപനങ്ങളുടെ അതേ തുകയാണ് ഈടാക്കുന്നത്. ലൈസന്‍സ് ഇല്ലാത്ത കോഴി ഫാമുകള്‍ പരിശോധനയില്‍ പിടിച്ചാല്‍ സ്ക്വയര്‍ മീറ്ററിന് 200 രൂപ ഫൈനായി ഈടാക്കാനും നിയമമുണ്ട്.
കേരളത്തില്‍ ഇറച്ചിക്കോഴിവളര്‍ത്തല്‍ തുടങ്ങണമെങ്കില്‍ വ്യവസായവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്. കോഴിവളര്‍ത്തല്‍ തുടങ്ങാന്‍ വായ്പ ലഭിക്കാനും ബുദ്ധിമുട്ടാണ്. കോഴികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലെന്നതാണ് തടസമായി പറയുന്നത്. ഈട് നല്‍കിയുള്ള വായ്പകള്‍ മാത്രമേ ഈ മേഖലയില്‍ ലഭിക്കുകയുള്ളൂ.
എന്നാല്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാത്തതാണ് ഇവിടത്തെ കര്‍ഷകരെ ഇതര സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അവിടെ കോഴിവളര്‍ത്തല്‍ കൃഷി വകുപ്പിന്റെ കീഴിലാണ്. ഇതുമൂലം ലൈസന്‍സിലെ നൂലാമാലകള്‍ ഒഴിവാകുകയും കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
മറ്റു സംസ്ഥാനങ്ങള്‍ കോഴിവളര്‍ത്തല്‍ മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്തുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ ഈ മേഖലയില്‍നിന്നു കൊഴിഞ്ഞുപോകുകയാണ്. സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ കൃഷി വകുപ്പിന്റെ കീഴിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.