വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സൈനികവിഭാഗമായ നാഷണൽ ഗാർഡ്സ് രംഗത്തിറങ്ങി. കുറ്റകൃത്യങ്ങൾ വർധിച്ച നഗരത്തിൽ സുരക്ഷാ ഉറപ്പാക്കാനെന്ന പേരിലാണു ട്രംപിന്റെ നടപടി. വാഷിംഗ്ടൺ ഡിസിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൂറിസ്റ്റ് സൈറ്റുകളിലും നാഷണൽ ഗാർഡ്സ് അംഗങ്ങളും അവരുടെ കവചിത വാഹനങ്ങളും ദൃശ്യമായി.
800 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ഇതിനു പുറമേ എഫ്ബിഐ അടക്കമുള്ള ഫെഡറൽ ഏജൻസികളിലെ 500 ഉദ്യോഗസ്ഥരും നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ മുതലായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 23 പെരെ ഫെഡറൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തുവെന്ന് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. തലസ്ഥാനത്തെ എല്ലാ ക്രിമിനലുകളെയും ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, സൈനികവിന്യാസം തങ്ങളുടെ അധികാരത്തിൽ കൈകടത്തലാണെന്ന് ഡെമോക്രാറ്റിക് പാർട്ടി മേയർ മുറിയൽ ബൗസർ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ ഡെമോക്രാറ്റിക് മേയർമാർ ഭരിക്കുന്ന ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിലും സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.