വാഷിംഗ്ടൺ ഡിസി: യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരതയെ മഹത്വവൽക്കരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.
ഷെരീഫിന്റെ പ്രസംഗത്തിനു ശേഷം പൊതുസഭയിൽ (യുഎൻജിഎ) ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗലോട്ട് ആണ് പാക്കിസ്ഥാന്റെ നയങ്ങൾക്കെതിരേ ആഞ്ഞടിച്ചത്.
“പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇവിടെ നടത്തിയത് അസംബന്ധനാടകമാണ്. ഷെരീഫ് ഭീകരതെയ മഹത്വവൽക്കരിക്കുകയാണുണ്ടായത്. എന്നാൽ, ഭീകരതെയ ആഗോളതലത്തിൽ കയറ്റിയയ്ക്കുന്ന പാക്കിസ്ഥാന് നുണകൾ കൊണ്ട് ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ല’ പെറ്റൽ ഗലോട്ട് പറഞ്ഞു.
“പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി ഭീകരതയെ വളർത്തുന്നു. ഒരു ദശാബ്ദക്കാലം അവർ ആഗോളഭീകരൻ ഒസാമ ബിൻ ലാദന് അഭയം നൽകി. അബോട്ടബാദിലെ പാക് സൈനികകേന്ദ്രത്തിന് എതിർവശത്തായി സുരക്ഷിതതാവളമൊരുക്കി. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് നടിക്കുമ്പോഴും, പതിറ്റാണ്ടുകളായി അവർ തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനിലെ മന്ത്രിമാർതന്നെ അടുത്തിടെ സമ്മതിച്ചിട്ടുണ്ട്. ഇത്തവണ, ഈ ഇരട്ടത്താപ്പ് പ്രധാനമന്ത്രിതലത്തിൽ വീണ്ടും തുടരുന്നതിൽ അതിശയിക്കേണ്ടതില്ല.’ ഗലോട്ട് കൂട്ടിച്ചേർത്തു.
യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷന്റെ പൊതുചർച്ചയിൽ നടത്തിയ പ്രസംഗത്തിൽ, ഷെരീഫ് ഇന്നലെ “ഓപ്പറേഷൻ സിന്ദൂർ’നെക്കുറിച്ച് പരാമർശിക്കുകയും നാലു ദിവസത്തെ സംഘർഷത്തിൽ ഏഴ് ഇന്ത്യൻ ജെറ്റുകൾ തകർത്തതായും അവകാശപ്പെട്ടിരുന്നു. തന്റെ പ്രസംഗത്തിൽ പാക് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ട്രംപിനെയും പുകഴ്ത്തിയിരുന്നു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും ഇന്ത്യ തകർത്തെന്ന് കഴിഞ്ഞ മാസം വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് വെളിപ്പെടുത്തിയിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരക്യാന്പുകളും ഇന്ത്യ തകർത്തു.