ന്യൂഡൽഹി: മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻ നായരുമായുള്ള പിതാവിന്റെ അടുപ്പം എഴുത്തിന്റെ വഴികളിലേക്കു തന്നെ ആകർഷിച്ചെന്ന് ഡോ. ശശി തരൂർ. ഡൽഹി കൊണാട്ട് പ്ലേസിലെ ഓക്സ്ഫെഡ് ബുക്ക്സ്റ്റോറിൽ നടന്ന സൗത്ത് സൈഡ് സ്റ്റോറി ഫെസ്റ്റിവലിനു മുന്നോടിയായുള്ള ബുക്ക്മാർക്ക്ഡിന്റെ ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രൈസ്തവരും മുസ്ലിംകളും ഹിന്ദുക്കളുമെല്ലാം യഥാർഥ ഇന്ത്യയുടെ പ്രതിഫലനമാണ്. രണ്ടായിരം വർഷം പഴക്കമുള്ളതാണു കേരളത്തിലെ ക്രൈസ്തവർ. ഗൾഫ് മേഖലകളിൽനിന്നു നൂറ്റാണ്ടുകൾക്കുമുന്പേ കച്ചവടത്തിനെത്തിയവരുടെ പിൻതലമുറയാണ് കേരളത്തിലെ മുസ്ലിംകൾ. ഹൈന്ദവർക്കും മഹത്തായൊരു പാരന്പര്യമുണ്ട്. മതവ്യത്യാസമില്ലാതെ പൊതുവായൊരു സംസ്കാരമാണു മലയാളികൾക്കെന്നും തരൂർ പറഞ്ഞു.
പുതിയ പുസ്തകമായ ‘ഔർ ലിവിംഗ് കോണ്‍സ്റ്റിറ്റ്യൂഷൻ’ അടക്കമുള്ളവയെക്കുറിച്ച് റെഡ് എഫ്എം ആർജെ സ്വാതിയുമായി തരൂർ നടത്തിയ സംഭാഷണത്തിൽ നിരവധി യുവസാഹിത്യപ്രേമികൾ പങ്കെടുത്തു.