ആലപ്പുഴ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേക സൗകര്യം; വെള്ളം നീന്തിക്കടന്ന് സ്റ്റാന്‍ഡിലേക്ക്

alp-road-thoduആലപ്പുഴ: നഗരസഭ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെങ്കില്‍ വെള്ളം നീന്തി കടക്കണം. സ്റ്റാന്‍ഡിന് മുന്‍വശത്താണ് ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത്. സ്റ്റാന്‍ഡിന് മുന്നിലൂടെ കടന്നുപോകുന്ന ശവക്കോട്ടപാലം- കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് സ്റ്റാന്‍ഡില്‍ നിന്നുള്ള വഴി ചേരുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായി രൂപപ്പെട്ട വെള്ളക്കെട്ടിനെത്തുടര്‍ന്ന് റോഡിലെ ടാറിംഗ് ഇളകി വലിയ കുഴി രൂപപ്പെട്ടുകഴിഞ്ഞു.

കുഴികളില്‍നിന്നു വെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചുവീഴുന്നതും ഇവിടെ പതിവാണ്. സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കിറങ്ങുന്ന വഴിയിലാണ് വെള്ളക്കെട്ട് മൂലം യാത്രക്കാര്‍ വലയുന്നത്. ബസ് സ്റ്റാന്‍ഡ് നില്‍ക്കുന്ന പ്രദേശത്തിന്റെ ഉയരവും റോഡിന്റെ ഉയരവും തമ്മിലുള്ള വ്യത്യാസമാണ് ഒരു ചെറിയ മഴ പെയ്താല്‍ പോലും സ്റ്റാന്‍ഡിന് മുന്‍വശത്തെ വെള്ളക്കെട്ടിലാഴ്ത്തുന്നത്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇവിടെ വെള്ളക്കെട്ടിന് ഇടയാക്കിയിരിക്കുന്നത്.

സ്റ്റാന്‍ഡിന്റെ ഉദ്ഘാടന സമയത്തുതന്നെ യാത്രക്കാരും സ്വകാര്യ ബസ് ഉടമകളും ഇത് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ദിവസങ്ങളായി വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം പൊതുമരാമത്ത് റോഡിലെ ടാറിംഗും പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. കുഴികളില്‍ നിന്നും ഇളകിത്തെറിച്ച മെറ്റല്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീഷണിയുമുയര്‍ത്തുന്നുണ്ട്. അടിയന്തിരമായി സ്റ്റാന്‍ഡിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് യാത്രക്കാരുടെയും  ബസ് ജീവനക്കാരുടെയും ആവശ്യം.

Related posts