കോട്ടയം: സ്ത്രീ ഇരകളെ അപായപ്പെടുത്തുകയോ ക്വട്ടേഷന്‍ കൊടുക്കുകയോ ചെയ്തുവെന്നു കരുതുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ ആദ്യ ഇരയായിരുന്നു കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെന്നാണ് പോലീസിന്റെ നിഗമനം.വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ബിന്ദു ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ല.
ബിന്ദുവിനെ വകവരുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യന്‍ കോടികളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു വിദേശത്തു കഴിയുന്ന സഹോദരന് പ്രവീണ്‍ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു.
വ്യാജമൊഴികൾ
ചോദ്യം ചെയ്തവേളയില്‍ അപാരമായ ബുദ്ധിയും തന്ത്രങ്ങളും പയറ്റി പോലീസിനെ വരുതിയിലാക്കി രക്ഷപ്പെട്ടു. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്താന്‍ അയല്‍ക്കാരായ മൂന്നു സ്ത്രീകളെ സ്വാധീനിച്ച് 2017 സെപ്റ്റംബറിലും ബിന്ദുവിനെ കണ്ടിരുന്നതായി പോലീസില്‍ വ്യാജമൊഴി നല്കി.
ബിന്ദു അടുത്ത കാലത്തും തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി സെബാസ്റ്റ്യന്റെ സന്തതസഹചാരിയും കൃത്യങ്ങളില്‍ പങ്കാളിയെന്നു സംശയിക്കുന്നയാളുമായ മനോജ് എന്നയാളും പോലീസിനെ ധരിപ്പിച്ചു. ഇതോടെയാണു ബിന്ദു ജീവിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്.
വിവിധയിടങ്ങളില്‍ സ്ഥലവും ബാങ്ക് നിക്ഷേപവും സ്വര്ണവുമുണ്ടായിരുന്ന ബിന്ദുവിനെ വശത്താക്കുകയും സെബാസ്റ്റ്യനും ബിന്ദുവും പലപ്പോഴും ഒരുമിച്ചു കഴിയുകയും ചെയ്തതായി പറയപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ജൂലൈ ഏഴിനാണ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കീഴടങ്ങുന്നതിന് എറണാകുളം മജിസ്ട്രേട്ട് കോടതിയില്‍ എത്തിയപ്പോഴായിരുന്ന കൊച്ചി സിറ്റി ഷാഡോ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.ചേര്‍ത്തല പോലീസ് ഏറ്റുവാങ്ങി ചോദ്യം ചെയ്തപ്പോള്‍ ബിന്ദു പത്മനാഭനെ 2017 സെപ്റ്റംബറില്‍ കണ്ടിരുന്നതായി മൊഴി നല്കി.
മനോജിനെ കൊന്നതോ?
ബിന്ദുവിന്റെ പേരില്‍ വ്യാജ മുക്ത്യാര്‍, തിരിച്ചറിയല്‍ രേഖകളായി ഡ്രൈവിംഗ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവ വ്യാജമായി തയാറാക്കിയാണ് ബിന്ദുവിന്റെ സ്ഥലം സെബാസ്റ്റ്യന്‍ വിറ്റത്. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ ബിന്ദുവിന്റെ ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിച്ചു.
സെബാസ്റ്റ്യനെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ ഒരു ബിഗ് ഷോപ്പര്‍ നിറയെ കറന്‍സി കെട്ടുകളുമായി സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജ് യാത്ര ചെയ്യുന്ന വിവരം അറിഞ്ഞ് പോലീസ് മനോജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്രചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നു.
പിറ്റേന്നു പുലര്‍ച്ചെ മനോജ് വീട്ടില്‍ ജീവനൊടുക്കി. സെബാസ്റ്റ്യന്റെ എല്ലാ വിവരങ്ങളും അറിയാവുന്ന സഹചാരിയായിരുന്ന മനോജിന്റേത് കൊലപാതകമായിരുന്നുവെന്നു സംശയിക്കുന്നു.