കുമരകം: മദ്യവില്പന നടത്തിവന്ന മധ്യവയസ്കനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാന്നാനം വേലംകുളം പറപ്പള്ളി തലക്കൽ വീട്ടിൽ പി.എൻ. സന്തോഷ് കുമാറി (50) നെയാണ് ഏറ്റുമാനൂർ എക്സെെസ് റേഞ്ച് ടീം പിടികൂടിയത്. ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി സൂക്ഷിച്ച ഒമ്പതു കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മദ്യ , മയക്കുമരുന്ന് വില്പനകൾ തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
മാന്നാനം ഭാഗത്ത് മിനി ബാർ നടത്തിയിരുന്ന ഇയാളെ ഏറ്റുമാനൂർ എക്സൈസ് ഷാഡോ ടീം ഒരു മാസക്കാലമായി രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാർക്ക് ഏതു സമയത്തും കൊടുക്കാനുള്ള മദ്യം സ്റ്റോക്ക് ചെയ്തിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.
അരലിറ്റർ മദ്യം 600 രൂപയ്ക്കാണ് വിറ്റിരുന്നത്. മദ്യം വിറ്റ വകയിൽ കിട്ടിയ പണവും എക്സൈസ് പിടിച്ചെടുത്തു, എക്സൈസ് ഇൻസ്പക്ടർ കെ.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.