കൊച്ചി: എറണാകുളം കോതമംഗലം ഊന്നുകല്‍ ശാന്താ കൊലപാതകക്കേസില്‍ മുഖ്യപ്രതി ശാന്തയുടെ ആണ് സുഹൃത്ത് രാജേഷിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്തയെയാണ് (61) കൊല ചെയ്യപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷ് സംഭവത്തിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. ശാന്തയുടെ ആണ്‍സുഹൃത്താണ് ഇയാള്‍.
ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന് പരാതി നല്‍കിയിരുന്നു.
വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു.
ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം. തലയുടെ പിന്‍ഭാഗത്ത് ഇരുമ്പുവടി പോലുള്ള ആയുധം കൊണ്ട് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.
രാജേഷിന്റെ കാര്‍ കണ്ടെത്തി
കോതമംഗലത്തെ ഒരു ഹോട്ടലില്‍ കുക്കായ രാജേഷിന്റെ കാര്‍ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 7.30ന് ജോലിചെയ്യുന്ന ഹോട്ടലില്‍ എത്തിയ രാജേഷ് പോലീസ് അന്വേഷിച്ചെത്തും മുന്‍പേ തന്ത്രപൂര്‍വം സ്ഥലം വിടുകയായിരുന്നു. ഹോട്ടലില്‍ ഉള്ളവരോട് പ്രഷര്‍ കുറഞ്ഞതിനാല്‍ ആശുപത്രിയില്‍ പോകുന്നുവെന്നുപറഞ്ഞാണ് രാജേഷ് പോയത്.
പോലീസ് പരിസരത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെയെങ്ങും എത്തിയില്ലെന്ന് വ്യക്തമായി. കോതമംഗലത്തെ ഒരു ആക്സസറിസ് ഷോപ്പില്‍ കാര്‍ ഏല്‍പ്പിച്ച് പെരുമ്പാവൂര്‍ ഭാഗത്തേക്ക് നടന്നുപോയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. വെള്ളിയാഴ്ച മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച്ഓഫാണ്.
മൃതദേഹം കണ്ടെത്തിയ ഊന്നുകല്ലിലെ വീടിന് സമീപത്തുള്ള ഹോട്ടലില്‍ രാജേഷ് കുറച്ചുകാലം ജോലി നോക്കിയിരുന്നു. ആളൊഴിഞ്ഞ വീടും പരിസരവും എല്ലാം രാജേഷിന് പരിചിതമായതിനാല്‍, മൃതദേഹം ഒളിപ്പിക്കാന്‍ എളുപ്പമായി എന്നാണ് പോലീസ് പറയുന്നത്. ശാന്തയുടെ മൊബൈല്‍ ഫോണും രാജേഷിന്റെ കൈവശം എന്നാണ് സൂചന.
നിര്‍ണായകമായത് ഫോണ്‍ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും, സിസിടിവി ദ്യശ്യങ്ങളും ആണ് നിര്‍ണായകമായത്. ശാന്തയെ രാജേഷ് കാറില്‍ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഇരുവരും തമ്മിലുള്ള ഏറെക്കാലത്തെ ഫോണ്‍ സംഭാഷണങ്ങളും പ്രതിയിലേക്കുള്ള സൂചന നല്കി. കൊല നടത്തിയ ശേഷം ശാന്തയുടെ സ്വര്‍ണാഭരണങ്ങള്‍ അടിമാലിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റ് ഇയാള്‍ നാലു ലക്ഷം രൂപയും വാങ്ങിയിരുന്നു. ബാക്കി തുകയ്ക്ക് പകരമായി രാജേഷ് വാങ്ങി ഭാര്യക്ക് കൈമാറിയ നാലു പവന്റെ മാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.