വാഷിംഗ്ടൺ ഡിസി: അമേരിക്ക നല്കുന്ന ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ സേന റഷ്യൻ ഭൂമിയിൽ പ്രയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ ലക്ഷ്യമിട്ട് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് പുടിനുമേൽ അമേരിക്കൻ നേതൃത്വം സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
മിസൈൽ പ്രയോഗിക്കുന്നതിനു മുന്പായി അമേരിക്കയുടെ അനുമതി വാങ്ങണം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.
ഇതിനിടെ, വെടിർത്തൽ ശ്രമങ്ങൾ വിജയം കാണാത്തതിൽ യുഎസ് പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണ്. റഷ്യക്കെതിരേ വീണ്ടും ഉപരോധം ചുമത്തുന്നതും സമാധാന ശ്രമങ്ങളിൽനിന്നുള്ള തന്റെ പിന്മാറ്റവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
നേരത്തേ ട്രംപ് അലാസ്കയിൽ പുടിനുമായി ഉച്ചകോടി നടത്തുകയും തുടർന്ന് വൈറ്റ്ഹൗസിൽ സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.