കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍വേയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകാതെ തുടങ്ങും.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് ആവശ്യമുള്ള 303 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്നു ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ ഉടന്‍ തന്നെ പാത നിര്‍മാണം ആരംഭിക്കുമെന്നാണ് റെയില്‍വെയുടെ നിലപാട്.
ഒപ്പം ചെലവിന്റെ പകുതി കേരളം വഹിക്കുകയും വേണം. നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പെരിയാറിനു കുറുകെ പാലവും കാലടിയില്‍ സ്റ്റേഷനും പണിതീര്‍ത്തു. നിലവില്‍ കാലടി മുതല്‍ രാമപുരം പിഴക് വരെ റൂട്ട് നിര്‍ണയിച്ച് സ്ഥലം അളന്നു തിരിച്ചിട്ടുണ്ട്. ഇതോടകം വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി ആശങ്കയിലാണ്. കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ നിര്‍മാണം നടത്താനോ കൃഷി ചെയ്യാനോ ഇവര്‍ക്ക് കഴിയുന്നില്ല.
അങ്കമാലി മുതല്‍ പിഴക് വരെ 70 കിലോമീറ്ററിലാണ് സര്വേക്കല്ലുകളുള്ളത്. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് ശബരി പാതയ്ക്കുള്ളത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പെരുമ്പാവൂര്‍, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പുതിയ ഓഫീസുകള്‍ തുടങ്ങണം. മൂന്നാം ഘട്ടമായി പിഴക് മുതല്‍ എരുമേലി വരെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കേണ്ടതുണ്ട്.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം എന്നിവയാണ് എറണാകുളം, ഇടുക്കി ജില്ലകളിലെ സ്റ്റേഷനുകള്‍. ഇതില്‍ മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകള്‍ വരുന്ന സ്ഥലം നഗരങ്ങളില്‍ നിന്ന് ഏറെ മാറിയാണെന്ന വിമര്‍ശനം ചിലയിടങ്ങളില്‍ ഉയരുന്നുണ്ട്.
കോട്ടയം ജില്ലയില്‍ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പാതയ്ക്കായി നിര്‍ദേശിച്ചിരിക്കുന്നത്. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കിയതിനാല്‍ ഒന്നാം ഘട്ടമായി തൊടുപുഴ വരെ ഭൂമിയേറ്റെടുക്കാന്‍ കാലതാമസമുണ്ടാകില്ല.
1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലി-എരുമേലി പാതയ്ക്ക് അവസാന അംഗീകാരം ലഭിക്കുന്നത്. കാലടി-തൊടുപുഴ 48 കിലോമീറ്ററാണ്. ആയിരം കോടി രൂപയുണ്ടെങ്കില്‍ തൊടുപുഴ വരെ പാത നിര്‍മിക്കാന്‍ കഴിയും.1997ല്‍ ശബരിപാതയ്ക്ക് അനുമതി ലഭിച്ചപ്പോള്‍ ചെലവ് 540 കോടി രൂപയായിരുന്നത് നടപടികള്‍ നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചു. നിലവില്‍ ചെലവ് നാലായിരം കോടിയോളം വരും.