നാല്പ്പതുകാരനായും എണ്പതുകാരനായും അനായാസം ഭാവവിസ്മയങ്ങള്‍ കാഴ്ചവയ്ക്കുന്ന കോട്ടയം അയ്മനംകാരുടെ കുട്ടന് എന്ന വിജയരാഘവന് ഈ ഓണം സ്പെഷലാണ്. ഇരുത്തം വന്ന അഭിനയ ചാരുതയില്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ വിജയരാഘവന് അഭിനന്ദന പ്രവാഹം തുടരുകയാണ്.
തൊടിയിലെ പൂക്കള്‍ പറിച്ചും വേലിയിലെ കായകള്‍ പറിച്ചും വീട്ടങ്കണത്തിലെ വിശ്വകേരള നാടകക്കളരിയില്‍ അച്ഛന് എന്‍.എന്‍. പിള്ളയെന്ന നടനകുലപതിക്കൊപ്പം അത്തംമുതല്‍ തിരുവോണംവരെ പൂക്കളമിട്ടിരുന്ന ബാല്യം മനസില്‍ ഊഞ്ഞാലാടുന്നുണ്ട്. അച്ഛന്, അപ്പച്ചി, പ്രതിഭാധനരായ നടീനടന്മാര് എന്നിവരൊക്കെ ആടിപ്പാടിയ അടിപൊളി ഓണങ്ങള്‍. പൊന്നോണവിശേഷങ്ങള് ദീപികയോട് വിജയരാഘവന് പങ്കുവയ്ക്കുന്നു.
അച്ഛന് എന്ന വലിയ തണല്‍
എന്‍.എന്‍. പിള്ളയെന്ന കൂറ്റൻ ആല്‍മരത്തണലിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛനും അപ്പച്ചിയും വേദികളില്‍നിന്നു വേദികളിലേക്ക് ഓടുന്ന കാലമാണ്. എത്ര തിരക്കുണ്ടെങ്കിലും അച്ഛനൊപ്പം ഓണം ആഘോഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ സിനിമയിലെത്തിയതോടെ പലപ്പോഴും ഷൂട്ടിംഗ് സെറ്റുകളിലായി ഓണം. ഷൂട്ടിംഗ് ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം. ആ വേളയില്‍ അയ്മനം ഡയനീഷ്യയില്‍ വിജയരാഘവന് വീട്ടുകാരുടെയും നാട്ടുകാരുടെയും കുട്ടനായി മാറും. 1969ല്‍ എന്‍.എന്‍. പിള്ള നിര്‍മിച്ച വീടാണ് ഡയനീഷ്യ.
എന്‍.എന്‍. പിള്ളയുടെയുടെയും നടി ചിന്നമ്മയുടെയും മകനായി 1951 ഡിസംബര്‍ 20നു മലേഷ്യയിലെ ക്വലാലംപൂരിലാണ് വിജയരാഘവന് ജനിച്ചത്. എന്‍.എന്‍. പിള്ളയ്ക്ക് അക്കാലത്ത് അവിടെയായിരുന്നു ജോലി.നാട്ടിലെത്തി നാടകത്തെ പ്രണയിച്ച എന്‍.എന്‍. പിള്ളയുടെ വിശ്വകേരള കലാസമിതിയിലൂടെയാണ് ഞാനും അഭിനയത്തിലേക്ക് ചുവടുവച്ചത്. എനിക്ക് ഏറ്റവും അടുപ്പമുള്ള കൂട്ടുകാരനായിരുന്നു അച്ഛന്. വീട്ടിലെ സിനിമാ ചര്‍ച്ചകളില്‍ ഭാര്യമുതല്‍ കൊച്ചുമക്കള്‍വരെ അഭിപ്രായം പറയും. അതില്‍ വിമര്‍ശനം കാണും, അഭിനന്ദനവും കാണും.
അഭിനയം ജീവനും ജീവിതവും
1962 മുതല്‍ 1987 വരെ കുടുംബമൊന്നാകെ നാടകത്തില്‍ സജീവമായിരുന്നു. സിനിമയിലെ അച്ഛനെയല്ല നാടകത്തില്‍ കാണാനാകുക. നാടകം അതിന്റെ യഥാര്‍ഥ അവസ്ഥയിലൂടെ കടന്നുവരുന്നതാണ്. തിന്മകളെയും തെറ്റുകളെയും അച്ഛന് നിശിതമായി വിമര്‍ശിച്ചിരുന്നു. നാടകമെന്ന കലാരൂപത്തിന് ആത്മസമര്‍പ്പണം കൂടുതല്‍ വേണം.
അമ്മയുടെ വിയോഗശേഷം അന്നുതന്നെ നാടകത്തില്‍ അഭിനയിക്കേണ്ട സാഹചര്യം അച്ഛനുണ്ടായി.നാടകത്തില്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും കുടുംബത്തില്‍ അദ്ദേഹം അങ്ങനെയായിരുന്നില്ല. നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു മുന്‍പ് അച്ഛന്. അക്കാലത്ത് അച്ഛനെ പോലീസ് പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. തിരിച്ചെത്തിയ അച്ഛന് നാടകത്തില്‍ സജീവമായി. സിനിമയുടെ തിരക്കിലും നാടകം കൈവിടാന്‍ അച്ഛനൊരുക്കമായിരുന്നില്ല.
എനിക്ക് സിനിമയില്‍ ഏതു റോള്‍ ചെയ്യേണ്ടിവന്നാലും അച്ഛന് പകര്‍ന്ന ആത്മബലം കരുത്തായി മാറും. ഞാന്‍ അഭിനയിക്കാനായി മാത്രം ജനിച്ചതാണ്. മറ്റൊരു ജോലിയും ചെയ്യാനാകുമെന്നു തോന്നുന്നില്ല. പ്രേക്ഷകരുടെ ആദരവും അംഗീകാരവും നഷ്ടപ്പെടാതിരുന്നാല്‍ മതി. അന്‍പത് വര്‍ഷം പ്രേക്ഷകരുടെ ആദരം നേടാനായത് ആ കരുത്തിലാണ്. നാടകത്തില്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.
സിനിമയിലേക്കുള്ള ചുവട്
നാടകവേദിയില്‍ അപ്പച്ചി അഥവാ എന്‍.എന്‍. പിള്ളയുടെ സഹോദരി കെ.ജി. ഓമനയുടെ അഭിനയം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. നൊടിയിടെയാണ് കഥാപാത്രത്തിലേക്കുള്ള അപ്പച്ചിയുടെ മാറ്റം. അന്നൊന്നും എന്റെ വിദൂര സ്വപ്നത്തില്‍പ്പോലും സിനിമയില്ല. എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ ഞാന്‍ അഭിനയിച്ചേ പറ്റൂവെന്നായി.
1973 ല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചു. സിനിമാ ഷൂട്ടിംഗ് കാണുന്നതും അന്നാണ്. അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലിയെ അവതരിപ്പിച്ചുകൊണ്ട് 22-ാം വയസില്‍ അഭ്രപാളിയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് പൂക്കാലം വരെയുള്ള വേഷങ്ങളോരോന്നും കലയ്ക്കായുള്ള സമര്‍പ്പണമാണ്. 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകളില്‍ നായകനായി. ന്യൂഡല്‍ഹി എന്ന സിനിമയിലായിരുന്നു ശ്രദ്ധേയവേഷം.
അരനൂറ്റാണ്ടിനിടെ സിനിമയിലുണ്ടായ മാറ്റങ്ങളെല്ലാം അടുത്തുകണ്ടു. അഭിനയത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ സാങ്കേതിക പരീക്ഷണങ്ങളാണു പ്രധാനം. കാമറ ആംഗിള്‍, സൗണ്ട് എഡിറ്റിംഗ് എന്നിവയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടക്കുന്നു. ഇതെല്ലാം സിനിമയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്.
അഭിനയമാണ് രാഷ്ട്രീയം
രാഷ്ട്രീയം എനിക്കു വഴങ്ങില്ല. അഭിനയമാണ് എന്റെ രാഷ്ട്രീയം. രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പ്രബുദ്ധരാക്കേണ്ടത് എന്റെ ജോലിയല്ല. അതല്ലെങ്കില്‍ മുഴുവന്‍ സമയം രാഷ്ട്രീയക്കാരനാകണം. അതെനിക്കു പറ്റില്ല. സിനിമാക്കാര് രാഷ്ട്രീയം പറയുന്നതിനോടും താത്പര്യമില്ല.
വിജയരാഘവനെ ആദരിക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ദീപിക പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ക്കൊപ്പമിരുന്നാണ് വിജയരാഘവന് ഓണസ്മരണകള്‍ അയവിറക്കിയത്.
- ജോമി കുര്യാക്കോസ്