ചേർത്തല: കൂൺകൃഷിയിൽ നൂറുമേനി വിളവെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. മന്ത്രിയുടെ വീടിന്റെ മുൻവശം പ്രത്യേകം തയാറാക്കിയ ഷെഡിലാണ് കൂൺകൃഷി ചെയ്തത്. ചിപ്പി ഇനത്തിലുള്ള 500 ബഡ് ആണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.
സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കാൻ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതായും കൂൺകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കൂണിൽനിന്ന് 100ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ എല്ലാ സഹായവും കർഷകർക്ക് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി. ശശികല, ഓമന ബാനർജി, ജയിംസ് ചിങ്കുതറ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശോഭ ജോഷി, വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, കുടുംബശ്രീമിഷൻ ഡയറക്ടർ ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിത്ത്, കെ.വി. ചന്ദ്രബാബു, എ.പി. പ്രകാശൻ എന്നിവർ പങ്കെടുത്തു.