ആലുവ: ഗുണഭോക്താവിന്റെ മരണശേഷവും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റിയ ബന്ധുക്കള്‍ തുക തിരിച്ചടച്ചു തുടങ്ങി. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ പതിനൊന്ന് പേരില്‍ അഞ്ച് പേരുടെ പെന്ഷന് തുക ഇതുവരെ തിരിച്ച് പിടിച്ചതായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്ക് തിരിച്ച് അടയ്ക്കുകയാണ് ബന്ധുക്കള്‍ ചെയ്യുന്നത്. ഇതു വരെ തിരിച്ചു വരേണ്ട ഒരു ലക്ഷത്തിലധികം രൂപയില്‍ അമ്പതിനായിരം രൂപയോളം അക്കൗണ്ടില്‍ എത്തിയതായി വിവരാവകാശ പ്രവര്ത്തകന് കെ.ടി. രാഹുലിനെയാണ് സെക്രട്ടറി അറിയിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗിലാണ് നിരവധി പഞ്ചായത്തുകളില്‍ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ മരിച്ചു കഴിഞ്ഞിട്ടും ബാങ്ക് അക്കൗണ്ടുകളിലേക്ക് വര്‍ഷങ്ങളായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തിയത്. ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ 11 പേരാണ് ഇത്തരത്തില്‍ തുക കൈപ്പറ്റിയത്.
തെറ്റായി നല്കിയ തുക തിരികെ പിടിയ്ക്കാന്‍ പഞ്ചായത്തുകള്‍ വിമുഖത കാണിച്ചതാണ് സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തി വച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭകളും ഇത്തരത്തില്‍ ഗുണഭോക്താവ് മരിച്ചു കഴിഞ്ഞിട്ടും പെന്ഷന് നല്‍കുന്നതായി ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗുണഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ വിതരണ പട്ടിക ആ നിമിഷം തന്നെ പുതുക്കാവുന്നതാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി അതിന് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ മാത്രമേ ഈ തട്ടിപ്പ് അവസാനിപ്പിക്കാനാകൂയെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.