ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി കാട്ടാന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കാട്ടുകൊന്പൻ ഏറെനേരം ചെലവഴിച്ചു. ബ്ലോക്ക് ഒന്പതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്തെത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം.
ഇന്ന് പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നു ചക്ക പറിച്ച് തിന്നശേഷം യാതൊരു ഭയവും കൂടാതെ അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു.
ആർആർടി എത്തി തുരത്തിയ ശേഷമാണ് ആന വീട്ട് മുറ്റത്തുനിന്നു പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ടുണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.