തിരുവനന്തപുരം: മദ്യലഹരിയില്‍ വീടിന് മുന്നില്‍ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ബന്ധുക്കളെയും അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
പനങ്ങോട്ട് കോണം സ്വദേശി രാജേഷിന്റെ വീടിന് മുന്നില്‍ മദ്യലഹരിയിലെത്തിയ പ്രദേശവാസിയായ സഞ്ജയും സുഹൃത്തുക്കളും അസഭ്യം വിളിച്ച് ബഹളം ഉണ്ടാക്കി.
രാജേഷും ബന്ധുക്കളായ രതീഷും രഞ്ജിത്തും ഇതിനെ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് അക്രമി സംഘം സ്ത്രീകളുടെ കണ്മുന്നില് വച്ച് മൂവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. രാജേഷിന്റെ കൈക്കും രതീഷിന്റെ മുതുകിലും രഞ്ജിത്തിന്റെ കാലിലുമാണ് കുത്തേറ്റത്.
മൂവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം സഞ്ജയും കൂട്ടരും രക്ഷപ്പെടുകയായിരുന്നു. രാജേഷിന്റെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.