തൃശൂർ: തൃശൂരിന്റെ സ്വന്തം പുലിക്കളി-കുമ്മാട്ടിമുഖങ്ങൾ കടൽകടന്നു കൊറിയയിലേക്കും. സൗത്ത് കൊറിയയിലെ പാജു-സിയിലുള്ള നാഷണൽ ഫോക്ക് മ്യൂസിയത്തിലാണ് ഇനി ഇവ സ്ഥിരമായി പ്രദർശനത്തിനുണ്ടാകുക.
മ്യുസിയം ക്യുറേറ്റർ ഹ്വാങ് കി ജുന്നിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം നേരിട്ടെത്തി പരിശോധിച്ചാണു കിഴക്കുംപാട്ടുകര സ്വദേശി സന്തോഷിന്റെ പക്കൽനിന്ന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പുലിമുഖങ്ങളും അരമണിയും പുലിവേഷങ്ങളും കൈപ്പറ്റിയത്. ഇന്ത്യയിലെ നാടൻകലാരൂപങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണു കൊറിയൻ സംഘമെത്തിയത്.
ആറു മുഖങ്ങൾ, രണ്ട് അരമണി, നാലു തൊപ്പി, രണ്ട് പുലിവേഷം എന്നിവയാണു കൊണ്ടുപോയതെന്നും പണംനൽകാൻ തയാറായിരുന്നെങ്കിലും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമായതിനാൽ കൈപ്പറ്റിയില്ലെന്നും കരാർരേഖകൾ കൈമാറിയെന്നും സന്തോഷ് പറഞ്ഞു. കേരളത്തിൽനിന്നു കുമ്മാട്ടി, പുലിമുഖങ്ങൾ മാത്രമാണ് ഇവർ ശേഖരിക്കുന്നത്.
തൃശൂർ പുലിക്കളിയുമായി ബന്ധമില്ലെങ്കിലും 25 വർഷമായി കലാകൈരളി എന്ന പേരിൽ പുലിക്കളി, കുമ്മാട്ടി ട്രൂപ്പ് നടത്തുന്നയാളാണു സന്തോഷ്. തിരുവനന്തപുരത്ത് ഓണാഘോഷത്തോട് അനുബന്ധിച്ച് പുലിക്കളി, കുമ്മാട്ടി അവതരണം വർഷങ്ങളായി നടത്തുന്നതു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ശിവാജി, പോക്കിരിരാജ, കാര്യസ്ഥൻ സിനിമകളിലും ഇതേ ട്രൂപ്പിലെ അംഗങ്ങൾ വേഷമിട്ടു. കേരളത്തിലും ഇന്ത്യക്കു പുറത്തും ഇവർ ആഘോഷങ്ങളുടെ ഭാഗമായി പുലിക്കളി അവതരിപ്പിക്കാറുണ്ട്.
സി.എസ്. ദീപു