കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെ തൃക്കാക്കര പോലീസ് ഇന്നും ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ വേടന് ബാധ്യസ്ഥനാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഇയാളെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും ഇയാള്‍ വ്യക്തമാക്കി.
പരാതിക്ക് പിന്നാലെ ഒളിവില്‍പ്പോയ വേടന്റെ വീട്ടിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കോന്നിയില്‍ നടന്ന സംഗീത പരിപാടിയില്‍ താന്‍ എവിടെയും ഒളിച്ചോടില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു മരിക്കാനാണ് തന്റെ തീരുമാനമെന്നും വേടന് പറഞ്ഞിരുന്നു.