കാഞ്ഞിരപ്പള്ളി: ഒരു നായയും മുട്ടനാടുമാണ് ഇപ്പോൾ നാട്ടിലെ സംസാരവിഷയം. മൂന്നു ദിവസം മുന്പ് കറിപ്ലാവ് ഭാഗത്തു കൂട്ടുകാരെപ്പോലെ പ്രത്യക്ഷപ്പെട്ട ഇവർ ഇപ്പോൾ നാട്ടുകാരുടെ സംരക്ഷണയിലാണ്.
ഡാൽമേഷൻ ഇനത്തിൽപ്പെട്ട ഒരു നായയും ബീറ്റൽ ഇനം മുട്ടനാടുമാണ് ഇപ്പോൾ നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുന്നത്. ഇപ്പോൾ ഇവ കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോർഡ് കോളനി നിവാസികളുടെ സംരക്ഷണയിലാണ്. ഉടമസ്ഥൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഇവയെ സംരക്ഷിക്കുകയാണ് നാട്ടുകാർ.
രണ്ടുപേരുടെയും കഴുത്തിൽ ഒരേ തരത്തിലുള്ള മണികൾ കെട്ടിയിട്ടുണ്ട്. രണ്ടുപേരും ഒരേ പാത്രത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും.
ആടിനെ മറ്റാരും തട്ടിക്കൊണ്ടു പോകാതിരിക്കാൻ നായയുടെ പ്രത്യേക കരുതലുമുണ്ട്. ഇവയെ നഷ്ടപ്പെട്ടുപോയവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി കൃത്യമായ വിവരങ്ങൾ നൽകി ഹൗസിംഗ് ബോർഡ് കോളനിയിൽനിന്നു കൊണ്ടുപോകാവുന്നതാണെന്ന് ഹൗസിംഗ് ബോർഡ് പ്രസിഡന്റ് ബിജുമോൻ ഇമ്മാനുവൽ വാഴയ്ക്കാപ്പാറ അറിയിച്ചു.