കൊല്ലം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ പൊതുസ്ഥലത്ത് മാനഹാനിപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷാ(22) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒമ്പതിന് രാത്രി 7.45 ന് സ്കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി ഓവർടേക്ക് ചെയ്ത് വലതു വശത്തെത്തിയ ശേഷം യുവതിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സ്ത്രീകളെ ഇത്തരത്തിൽ മാനഹാനിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണ്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ നിഥിൻ നളൻ, സോമരാജൻ, സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.