കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കുറ്റ കൃത്യങ്ങളുടെ പേരില്‍ കേരള പോലീസില്‍ നിന്ന് പിരിച്ചുവിട്ടത് 10 പോലീസ് ഉദ്യോഗസ്ഥരെ . ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഠനം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടെ ഇന്‍സ്പെക്ടര്‍മാരും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത സിപിഒമാരും പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ട്.
ഇന്‍സ്പെക്ടര്‍മാരായിരുന്ന ആര്. ജയാസനില്, പി.ആര്. സുനു, ആര്. ശിവശങ്കരന്, ഡ്രൈവര്‍ സി പി ഒമാരായ കെ.കെ. സുനില്‍കുമാര്‍, കെ.കെ. രാജേഷ് കുമാര്‍, പി.സി. സെബാസ്റ്റ്ന്, ബക്കര്‍ അബ, കെ.എം. സ്മി ബില്‍, എം. ഹരിപ്രസാദ്, ഫൈസല്‍ റഹ്മാന് എന്നിവരാണ് പോലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടവര്‍. വിവരാവകാശ രേഖ പ്രകാരം 2025 മേയ് 30 വരെയുള്ള കണക്കാണിത്.
എറണാകുളം തൃക്കാക്കരയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന പി.ആര്. സുനു. പോലീസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരമാണ് ഇയാളെ പിരിച്ചു വിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സര്‍വീസ് കാലയളവില്‍ ആറ് സസ്പെന്‍ഷനും കിട്ടി. ഏറ്റവും ഒടുവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്.പോക്സോ കേസ് പ്രതിയായ 27 കാരനെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളാണ് അയിരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന ആര്. ജയ സനില്‍.
അതേസമയം 2022 സെപ്റ്റംബറില്‍ പച്ചക്കറി കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചതിന് ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ട ഇടുക്കി എആര്‍ ക്യാമ്പിലെ സി പി ഒ പി.വി. ഷിഹാബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ പറയുന്നില്ല.
- സീമ മോഹന്‍ലാല്‍