നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ച് നേപ്പാള്‍ സ്വദേശിയും ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാതാരം മനീഷ കൊയ്രാള. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരേ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയതിനു പിന്നാലെയാണു മനീഷയുടെ പ്രതികരണം. രാജ്യത്തിന്റെ കറുത്ത ദിനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടി കുറിച്ചത്.
നേപ്പാള്‍ സ്വദേശിയായ മനീഷ നേപ്പാളി ഭാഷയിലുള്ള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അഴിമതിക്കെതിരായ രോഷത്തിനും നീതിക്കു വേണ്ടിയുള്ള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്കുമ്പോള്, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമാണ് എന്നാണ് ചൊവ്വാഴ്ച മനീഷ കൊയ്രാള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ നേപ്പാളില്‍ അതിശക്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ 20-ലധികം പേര്‍ക്കു ജീവന് നഷ്ടമായി. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. ആയിരക്കണക്കിനു ജെന്‍ സീ പ്രതിഷേധക്കാന്‍ പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയതോടെയാണു സ്ഥിതിഗതികള്‍ വഷളായത്. പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചതോടെ പ്രധാന നഗരങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചു.
1970 ഓഗസ്റ്റ് 16 ന് നേപ്പാളിലെ ബിരാത്നഗറിൽ രാഷ്ട്രീയമായി വേരുകളുള്ള കൊയ്രാള കുടുംബത്തിലാണ് മനീഷ കൊയ്രാള ജനിച്ചത്. അവരുടെ പിതാവ് പ്രകാശ് കൊയ്രാള ഒരു രാഷ്ട്രീയക്കാരനും കാബിനറ്റ് മന്ത്രിയും നേപ്പാളിന്റെ ജനപ്രതിനിധിസഭയിലെ അംഗവുമായിരുന്നു. മനീഷയുടെ മുത്തച്ഛൻ ബിശ്വേശ്വർ പ്രസാദ് കൊയ്രാള 1950 കളുടെ അവസാനം മുതൽ 1960 കളുടെ ആരംഭം വരെ നേപ്പാളിന്റെ പ്രധാനമന്ത്രിയുമായിരുന്നു.
സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ, 1999-ൽ ഇന്ത്യയിലും 2015-ൽ നേപ്പാളിലും ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ടിന്റെ ഗുഡ്വിൽ അംബാസഡറായി സാമൂഹിക പ്രവർത്തക കൂടിയായ കൊയ്രാളയെ നിയമിച്ചു. 2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പത്തിനുശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. അണ്ഡാശയ കാൻസറുമായുള്ള അവരുടെ പോരാട്ടത്തിന്റെ വിവരണമായ ഹീൽഡ്: ഹൗ കാൻസർ ഗേവ് മി എ ന്യൂ ലൈഫ് എന്ന നോവലും മനീഷ കൊയ്രാള രചിച്ചു.