ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ല. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മാപ്പു പറയണമെന്നുമുള്ള ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി.
തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.” രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്നും, രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ ശബ്ദമാണെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി.
താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. കമ്മീഷന്റെ മേൽനോട്ടത്തിൽ തയാറാക്കിയ വോട്ടർപട്ടികയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്വേഷണത്തിനായിരുന്നു കമ്മീഷൻ തയാറാകേണ്ടിയിരുന്നതെന്ന് അശോക് ലവാസ പറഞ്ഞു. കമ്മീഷണറായിരുന്നപ്പോൾ തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സ്വന്തം കുടുംബാംഗങ്ങൾക്കടുത്തേക്ക് ഇഡിയെത്തിയതു കണ്ടയാളാണ് ലവാസ.
തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന സംശയം വിതച്ചതു ബിജെപിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അങ്ങനെ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിച്ച സമിതിയാണ് ഇപ്പോഴത്തെ കമ്മീഷനെ സ്ഥാപിച്ചത്.
മാത്രമല്ല, 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം (Appointment, Conditions of Service and Term of Office Act, 2023) അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഇങ്ങനെ എന്തും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരമെല്ലാം കൊടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഈവിധമാക്കിയത്. എന്തിനായിരുന്നു ഈ ഒരുക്കങ്ങളൊക്കെ? അതിന്റെ ഉത്തരം കമ്മീഷന്റെ ചെയ്തികളിലുണ്ട്. ഒന്നിനു പിറകെ മറ്റൊന്നായി വന്ന ആരോപണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു:
തെരഞ്ഞെടുപ്പുചട്ടം ലംഘനത്തിന്റെ നടപടിക്രമങ്ങളിൽനിന്നു ഭരിക്കുന്നരെ നിർലജ്ജം ഒഴിവാക്കി, വിദ്വേഷ പ്രസംഗങ്ങളിൽ പാർട്ടി നോക്കി തീരുമാനമെടുത്തു, വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കി, അനർഹരെ കുത്തിത്തിരുകി, ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ കണ്ടെത്തി, വോട്ട് തട്ടിപ്പു സംബന്ധിച്ച് പ്രതിപക്ഷം ചോദിക്കുന്ന രേഖകളൊന്നും കൊടുത്തില്ല, വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവു നൽകിയ പ്രതിപക്ഷ നേതാവിനോടു മാപ്പു പറയാൻ ഭീഷണി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും കുറെയെങ്കിലും സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു… ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. അങ്ങനെയങ്ങനെ ജനങ്ങളുടെ ‘സംശയങ്ങളൊക്കെ ഏതാണ്ട് തീരുകയാണ്!’
വോട്ട് തട്ടിപ്പ് എന്നാൽ ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷം ഉന്നയിച്ച കഴന്പുള്ള ചോദ്യങ്ങൾക്ക് കമ്മീഷനാണു മറുപടി പറയേണ്ടത് എന്നതു സാങ്കേതികത്വം മാത്രമാണ്. അധികാരം വിട്ടൊഴിയാൻ ആഗ്രഹിക്കുന്നില്ലാത്ത ബിജെപി സർക്കാരാണ് പ്രയോക്താവ്. അവർ അർഥഗർഭമായ മൗനത്തിലോ ബാലിശമായ ന്യായീകരണത്തിലോ ഒളിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.