മോഡലിംഗിലൂടെ കരിയറിനു തുടക്കം കുറിച്ച് അഭിനയരംഗത്തേക്കു വന്നു മലയാളത്തിലും ഹിന്ദിയിലുമടക്കം പ്രശസ്തി നേടിയെടുത്ത അഭിനേത്രിയാണ് ശ്വേത മേനോന്. മലയാളത്തിലാണ് തുടക്കമെങ്കിലും ശ്വേത പിന്നീടു പോയത് ബോളിവുഡിലേക്കാണ്. വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തി സംസ്ഥാന അവാര്‍ഡ് അടക്കം നേടി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തിളങ്ങിനില്‍ക്കുകയാണ്.
പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യമുള്ള ശ്വേത മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവിയും അടുത്തിടെ നേടിയിരുന്നു. അതോടെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ താരത്തിന്റെ പേര് വീണ്ടും നിറയുകയാണ്. 1994 ല്‍ ഐശ്വര്യ റായ് മിസ് വേൾഡും സുസ്മിത സെൻ മിസ് യൂണിവേഴ്സ് പട്ടവും നേടി ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്ന വിവരം പലർക്കുമറിയില്ല.
ഇപ്പോഴിതാ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025 ല്‍ തന്റെ സൗന്ദര്യമത്സരങ്ങളുടെ ഓര്‍മകള്‍ പങ്കിടുകയാണ് ശ്വേത. അന്നത്തെക്കാലത്തെക്കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ. ജീവിതം എനിക്ക് എന്നും അതിശയകരമായിരുന്നു. ഞാൻ ഐശ്വര്യറായിയുടെ റൂംമേറ്റായിരുന്നു, സുസ്മിത സെൻ ആ വർഷം കിരീടംചൂടി. ആഷ് ആയിരുന്നു ഫസ്റ്റ് റണ്ണറപ്പ്, ഞാന്‍ സെക്കൻഡ് റണ്ണറപ്പുമായി. ഫ്രാൻസെസ്ക ഹാർട്ട് ആയിരുന്നു മൂന്നാം റണ്ണറപ്പ്.
മിസ് ഇന്ത്യ ഏഷ്യ പസഫിക്കില്‍ ഞാനും പങ്കെടുത്തു, മൂന്നാം റണ്ണറപ്പായി. അന്ന് കോഴിക്കോട്ട് നിന്നുള്ള ഒരു സാധാരണ പെൺകുട്ടി മിസ് ഏഷ്യ പസഫിക്കിനായി ഫിലിപ്പീൻസിലേക്കു പോയി. എനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ വില കൂടിയ കോസ്റ്റ്യൂമുകളോ ഡിസൈനേഴ്സോ മറ്റൊന്നുമോ ഇല്ലായിരുന്നു. എനിക്കതിനുള്ള ബജറ്റ് ഇല്ലായിരുന്നു, അന്ന് സ്പോൺസർമാരില്ലായിരുന്നു.
പക്ഷേ, എന്നിട്ടും അവിടെ മൂന്നാം സ്ഥാനക്കാരനാകാൻ എനിക്കു കഴിഞ്ഞു. ഒരു പിന്തുണയുമില്ലാതെ മൂന്നാം റണ്ണറപ്പാകാൻ കഴിഞ്ഞു. ഞങ്ങള്‍ക്കുണ്ടായിരുന്ന ആവേശം എനിക്കിപ്പോള്‍ എല്ലാവരിലും എന്റെ മകളിലും കാണാൻ കഴിയും. അന്നൊക്കെ ഇന്ത്യയില്‍ ഒരുപക്ഷേ 20 അല്ലെങ്കില്‍ 30 മോഡലുകളെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് എല്ലാവരും മോഡലുകള്‍ ആണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് അവർക്ക് കൂടുതൽ മത്സരം ഉണ്ടാകും, എനിക്ക് വളരെ കുറച്ചു മാത്രമേ മത്സരം ഉണ്ടായിരുന്നുള്ളൂ- ശ്വേത പറഞ്ഞു.
മുന്‍പ് ഒരഭിമുഖത്തില്‍ മോഡലിംഗിലേക്ക് എത്തിയതിനെക്കുറിച്ച് ശ്വേത പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍, മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാൻ കോയമ്പത്തൂരില്‍ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛൻ അറിയിച്ചു. അദ്ദേഹത്തോട് ആലോചിക്കാതെ ഞാൻ അപേക്ഷ അയച്ചതില്‍ അദ്ദേഹത്തിന് അത്ര സന്തോഷമുണ്ടായിരുന്നില്ലെങ്കിലും പങ്കെടുക്കാൻ അദ്ദേഹം അനുവാദം നല്‍കുകയും എന്നോടൊപ്പം കോയമ്പത്തൂരിലേക്ക് വരികയും ചെയ്തു.
മത്സരത്തില്‍ ഞാൻ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകള്‍ കേരളത്തിലെ പത്രങ്ങളില്‍ വന്നു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയില്‍, ഫൈനലില്‍ പങ്കെടുക്കാൻ എനിക്ക് യോഗ്യതയുണ്ടായിരുന്നെങ്കിലും, 18 വയസ്സിന് താഴെയായിരുന്നതിനാല്‍ എന്നെ അനുവദിച്ചില്ല എന്ന് ശ്വേത പറഞ്ഞു.