ചാത്തന്നൂർ: കെ എസ് ആർടി സി യുടെ അഭിമാനമായ ഇരു നില കണ്ണാടി രഥം (ഡബിൾ ഡക്കർ ബസ് )അപകടത്തിൽപെട്ടപ്പോൾ കള്ളക്കഥ ചമച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയിലെ മുഹമ്മദ്.കെ.പിയാണ് ശിക്ഷാ നടപടിക്ക് വിധേയനായത്.
മൂന്നാറിലെ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാനാണ് റോയൽ വ്യൂ എന്ന ഡബിൾ ഡക്കർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. കഴിഞ്ഞ 12 -ന് 2.45 ന് ആനയിറങ്കലിൽ നിന്ന് മൂന്നാറിലേക്ക് വരുമ്പോൾ റോയൽ വ്യൂ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തുള്ള വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇടതു വശത്തെ ടയറും ഓടയിലായി. ബസിന്റെ ഇടതുവശത്തും ബംപറിനും കേടുപാടുകളുണ്ടായി.
എതിർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തുവന്നപ്പോൾ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് മൊഴിയായി മുഹമ്മദ് നല്കിയത്.
സിഎംഡി യുടെ സ്ക്വാഡിലെ ഇൻസ്പെക്ടർ ഇൻ ചാർജ് എം.എസ്. സാംസൺ നടത്തിയ അന്വേഷണത്തിൽ അവിടെ അങ്ങനെയൊരു കാർ എതിർ ഭാഗത്തുനിന്നു വന്നിട്ടില്ലെന്നും അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടകാരണമെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. സാംസന്റെ റിപ്പോർട്ടിനെത്തുടർന്നാണ് മുഹമ്മദ്. കെ. പിയെ അന്വേഷണവിധേയമായി സസ്പെൻഡ്് ചെയ്തത്.