ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്പതിൽ ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
ആദിത്തിനുനേരെ ആന ചിഹ്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു.
ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.