പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എയിംസിന് തറക്കല്ലിടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ തുടങ്ങാനാണ് ഉദേശ്യം. പാലാ മേവടയില്‍ നടന്ന കലുങ്ക് സൗഹൃദസംഗമം ജനകീയ സംവാദ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എയിംസിനായി കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണംകൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേവട പുറക്കാട്ട്കാവ് ദേവീക്ഷേത്രത്തിലെ ആല്‍ത്തറയിലായിരുന്നു മന്ത്രിയുടെ സൗഹൃദ സംഗമം.
കേരളത്തിലെ ക്ഷീരമേഖ പ്രതിസന്ധിയിലാണെന്നും ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അവരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു കര്ഷകന് അവശ്യപ്പെട്ടു. ക്ഷീര മേഖല സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും പ്രശ്നങ്ങള്‍ കാണിച്ച് കത്തുനല്‍കിയാല്‍ മന്ത്രിയോട് സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, മേഖല പ്രസിഡന്റ് എന്‍. ഹരി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. ശശശികുമാര്‍, ലാല്‍കൃഷ്ണ, പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ് എന്നിവര്‍ പങ്കെടുത്തു.