ബ്രിസ്ബെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 14കാരന് വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വൈഭവം വീണ്ടും. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശിയുടെ സൂപ്പര്‍ ഹിറ്റ് ബാറ്റിംഗ്. 68 പന്തില്‍ ആറ് സിക്സും അഞ്ച് ഫോറും അടക്കം സൂര്യവംശി 70 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 51 റണ്‍സ് ജയം സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ അണ്ടര്‍ 19, 49.4 ഓവറില്‍ 300. ഓസ്ട്രേലിയ അണ്ടര്‍ 19, 47.2 ഓവറില്‍ 249.
ലോക റിക്കാര്‍ഡ്
രാജ്യാന്തര യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡും ഇതോടെ വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഇന്ത്യയുടെ ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന 38 സിക്സ് എന്ന റിക്കാര്‍ഡാണ് സൂര്യവംശി പഴങ്കഥയാക്കിയത്. ഇന്നലെ നേടിയ ആറ് സിക്സ് ചേര്‍ന്നതോടെ സൂര്യവംശിയുടെ യൂത്ത് ഏകദിന കരിയറില്‍ ഇതുവരെ 41 സിക്സ് ആയി. ബംഗ്ലാദേശിന്റെ സവാദ് അബ്രാര്‍ (35 സിക്സ്) ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ (30 സിക്സ്) അഞ്ചാം സ്ഥാനത്തുണ്ട്.
മത്സരത്തില്‍ സൂര്യവംശിക്കൊപ്പം വിഹാന് മല്‍ഹോത്രയും (74 പന്തില്‍ 70) അഭിജ്ഞാന്‍ കുണ്ഡുവും (64 പന്തില്‍ 71) അര്‍ധസെഞ്ചുറി സ്വന്തമാക്കി. 301 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസില്‍ എത്തിയ ഓസ്ട്രേലിയ അണ്ടര്‍ 19നുവേണ്ടി ആറാം നമ്പറായി ക്രീസില്‍ എത്തിയ ജെയ്ഡന്‍ ഡ്രാപ്പര്‍ സെഞ്ചുറി സ്വന്തമാക്കി (72 പന്തില്‍ 107). തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ അണ്ടര്‍ 19 ടീം പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനം നാളെ ബ്രിസ്ബെയ്നില്‍ നടക്കും.