മുണ്ടക്കയം: കപ്പയും വാഴയും പ്ലാവും വനാതിര്‍ത്തിയില്‍ നടാതിരുന്നാല്‍ വന്യമൃഗങ്ങള്‍ വരില്ലെന്ന് വനപാലകന്റെ വിദഗ്ധ ഉപദേശം. മനുഷ്യരെപ്പോലെ ആനയ്ക്കും കുരങ്ങനും മ്ലാവിനുമൊക്കെ വിശപ്പുണ്ടെന്നും തീറ്റ തേടി അവ നാട്ടിലേക്കിറങ്ങുക സ്വാഭാവിമാണെന്നും എരുമേലി വനമേഖലയിലെ ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഫോണില്‍ നല്കുന്ന ഉപദേശം ഇന്നലെ മലയോരമേഖലയില്‍ വ്യാപക ചര്‍ച്ചയായി.
മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളുടെ വനയോരങ്ങളില് വിളവെടുക്കാറായ കപ്പയും വാഴയും അടുത്തയിടെയായി കാട്ടുപന്നി കുത്തിമറിക്കുകയാണ്. വാരത്തിനെടുത്തും കൂലിക്കാരെ നിറുത്തിയും വളര്‍ത്തിയവ അപ്പാടെ നഷ്ടമായ വേദനയില്‍ മനം നൊന്തുകഴിയുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറുടെ ആക്ഷേപ ഉപദേശം.
കപ്പയും വാഴയും ചേനയും ചേമ്പും നടാതെ കര്‍ഷകര്‍ എന്തു ഭക്ഷിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഉദ്യോഗസ്ഥരെപ്പോലെ ബര്‍ഗറും പിസ്തയുമൊന്നും വാങ്ങിക്കഴിക്കാന്‍ കര്‍ഷകര്‍ക്ക് പണമില്ലെന്നും കപ്പയും ചക്കയും ചേനയും ചേമ്പുമൊക്കെയാണ് കര്‍ഷകരുടെ ഭക്ഷണമെന്നും വിശദീകരിക്കുന്ന വീഡിയോയും ഇന്നലെ വ്യാപകമായി പ്രചരിച്ചു.
റബര്‍ നട്ടാല്‍ കേഴയും പന്നിയും കുത്തിമറിക്കുന്ന സാഹചര്യത്തില്‍ വേറെ എന്തു കൃഷി എന്നതാണ് ചോദ്യം. വനാതിര്‍ത്തിയില്‍ കൃഷി ഒഴിവാക്കിയാല്‍ അവിടെ കാടുവളര്‍ന്ന് മൃഗങ്ങള്‍ സ്ഥിരവാസമുറപ്പിക്കും. വന്യമൃഗങ്ങള്‍ നശിപ്പിക്കാത്തതും മനുഷ്യര്‍ക്ക് ഭക്ഷിക്കാന്‍ പറ്റുന്നതുമായ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ വനംവകുപ്പ് ലിസ്റ്റ് തരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കപ്പ പന്നി കുത്തിമറിക്കുന്ന സാഹചര്യത്തില്‍ ഏറെപ്പേര്‍ ജാതി നട്ടുവളര്‍ത്തിയപ്പോള്‍ ജാതിക്ക വേഴാമ്പലും ഉപ്പനും കുരങ്ങും നശിപ്പിക്കുകയാണ്. കാന്താരി കൃഷി ചെയ്തപ്പോള്‍ മയില്‍ തിന്നു നശിപ്പിക്കുന്നു. കൂവയും ഇഞ്ചിയും മാത്രമാണ് അല്പം ആശ്വാസം. പക്ഷേ ഇതുകൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നതാണ് ന്യായമായ ചോദ്യം. കര്‍ഷകരെ പ്രകോപിപ്പിക്കുന്നതും അധിക്ഷേപിക്കുന്നതുമായ വിശദീകരണങ്ങള്‍ വനപാലകര്‍ ഇനി നടത്തരുതെന്നാണ് കര്‍ഷകര്‍ക്കു പറയാനുള്ളത്.

