ബോളിവുഡ് താരദന്പതികളായ കത്രീന കെയ്ഫും വിക്കി കൗശലും അച്ഛനും അമ്മയുമാകുന്നു. കത്രീന ഗർഭിണിയാണെന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച അധ്യായം തുടങ്ങാനുള്ള യാത്രയിൽ എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. കത്രീനയുടെ വയറിൽ തൊട്ട് നിൽക്കുന്ന വിക്കി കൗശലിനെയും ഫോട്ടോയിൽ കാണാം.
നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കത്രീന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം കത്രീന തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. 42 കാരിയാണ് കത്രീന കെയ്ഫ്. ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 37. 2021 ഡിസംബറിൽ രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
അതീവ സുരക്ഷയിലായിരുന്നു വിവാഹം. പാപ്പരാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിലും നിയന്ത്രണമുണ്ടായിരുന്നു. വിവാഹശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലായിരുന്നു. കരിയറിൽ വിക്കി കൗശലിനേക്കാൾ സീനിയറാണ് കത്രീന കെയ്ഫ്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിലൊരാൾ. ഇരുവരും പ്രണയത്തിലായപ്പോൾ ഇക്കാര്യം മാധ്യമങ്ങൾ അറിയാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
വിവാഹമടുത്തപ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. വിവാഹശേഷം തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് വിക്കി കൗശൽ പറഞ്ഞത്. നടൻ രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിനു ശേഷമാണ് കത്രീന കെയ്ഫ് വിക്കി കൗശലുമായി അടുക്കുന്നത്. ഏഴ് വർഷത്തോളം രൺബീർ-കത്രീന ബന്ധം നീണ്ടു നിന്നു. എന്നാൽ കത്രീനയെ പൂർണമായും മനസിലാക്കിയത് വിക്കി കൗശലാണെന്ന് ആരാധകർ പറയാറുണ്ട്. അമ്മയായ ശേഷം കത്രീന കരിയറിൽ പഴയതുപോലെ സജീവമാകുമോ എന്ന് വ്യക്തമല്ല.
കത്രീന ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. ഫോട്ടോ കുറച്ച് നാൾ മുമ്പേ ഉള്ളതാണെന്നും കാരണം ഫോട്ടോയിലെ വിക്കിക്ക് നീണ്ട താടിയല്ലെന്നും നിലവിൽ നീണ്ട താടിയാണ് വിക്കിക്കെന്നും ചില ആരാധകർ പറയുന്നുണ്ട്. അതിനർഥം കത്രീന നിലവിൽ പൂർണ ഗർഭിണിയായിരിക്കാമെന്നും വാദമുണ്ട്. മൂന്ന് വർഷത്തോളമായി കത്രീന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയ പേജുകളിലുണ്ട്. മൂന്ന് വർഷത്തോളമായി കത്രീനയുടെ ഫോട്ടോകൾ പുറത്ത് വന്നപ്പോഴെല്ലാം നടി ഗർഭിണിയാണോ എന്ന് സംശയങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.