ചേർത്തല: റോഡിൽനിന്ന് കിട്ടിയ രണ്ടരപവൻ സ്വർണമാല അവകാശിക്ക് തിരിച്ചു നൽകി ഭിന്നശേഷിക്കാരനായ തയ്യൽക്കാരൻ. കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് രാധാ നിവാസിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ ഹരികുമാറാണ് ഉടമയ്ക്ക് മാല തിരിച്ചു നൽകിയത്.
24ന് വൈകുന്നേരം മായിത്തറയിലെ ട്യൂഷൻ സ്ഥാപനത്തിൽനിന്ന് മകൾ ആരാധ്യയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മായിത്തറ കിഴക്ക് പോളക്കാട്ടിൽ കവലയ്ക്കു സമീപത്ത് റോഡിൽനിന്നാണ് മാല കിട്ടിയത്.
വീട്ടിൽ എത്തി ബന്ധുക്കളെ അറിയിച്ചശേഷം സഹോദരൻ വേണുഗോപാൽ മാരാരിക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാല ലഭിച്ച വിവരം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചതിനെത്തുടർന്നാണ് ഉടമ എത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് പൊള്ളയിൽ അഖിലിന്റേതായിരുന്നു മാല.
ടോറസ് ഡ്രൈവറായ അഖി ൽ കോതമംഗലത്ത് ലോഡ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടെന്നായിരുന്നു കരുതിയത്. അഖിൽ കോതമംഗലത്തേക്കു പോകുന്നതിനിടെയാണ് വാട്ട്സ്ആപ്പ് സന്ദേശം കാണുന്നത്.
ഉടൻതന്നെ സന്ദേശത്തിലെ നമ്പരിൽ ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വർഷങ്ങളായി കൂറ്റുവേലിയിൽ തയ്യൽകട നടത്തുകയാണ് ഹരികുമാർ. ഭാര്യ പഞ്ചായത്ത് ജീവനക്കാരി ലേഖ. മക്കൾ: ആദിത്യൻ, ആരാധ്യ.