ചാരുംമൂട്: ചുനക്കരയിൽ നിരത്തുകളെന്പാടും തെരുവ് നായ്ക്കൾ നിറഞ്ഞതോടെ ജനം കടുത്ത ഭീതിയിൽ. മനുഷ്യർക്ക് തെരുവിലിറങ്ങാൻ പറ്റാത്ത സ്ഥിതിയായിട്ടും പഞ്ചായത്ത് അധികാരികൾ ഇനിയും ഉണർന്നിട്ടില്ല. നായ്ക്കളെ പേടിച്ചു പലരും പ്രഭാത നടത്തം ഉപേക്ഷിച്ചു.
പുലർച്ചെ ട്യൂഷൻ കേന്ദ്രങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും ക്ഷേത്രങ്ങളിൽ പോകുന്ന ഭക്തരും രാവിലെ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന സ്ഥിതിയാണ്.ചുനക്കര, കോട്ടമുക്ക്, തെരുവിൽ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ശല്യം രൂക്ഷമാണ്.
വാഹനങ്ങളിലെത്തിച്ചു, തെളിവ് കിട്ടാതെ പോലീസ്
ചുനക്കര, ചാരുംമൂട് മേഖലയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിച്ചു തള്ളുന്നതായി പരാതിയുണ്ട്. കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് പത്തും ഇരുപതും തെരുവുനായ്ക്കളെ വൻ കൂട്ടമായി കാണുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.
അന്പലപ്പുഴയിലും രക്ഷയില്ല
അമ്പലപ്പുഴ: ദേശീയ പാതയോരം കൈയേറി തെരുവു നായകൾ. റോഡരികിൽ തള്ളുന്ന മാലിന്യങ്ങളടക്കം തേടിയെത്തുന്ന നായക്കൂട്ടം കാൽ നടയാത്രക്കാർക്കടക്കം ഭീഷണി സൃഷ്ടിക്കുകയാണ്. പുന്നപ്ര, അമ്പലപ്പുഴ, കരൂർ ഭാഗങ്ങളിൽ റോഡിലെ കുഴിയിൽ വീഴാതെ വാഹനം വെട്ടിച്ചാൽ പാഞ്ഞു നടക്കുന്ന നായയെ ഇടിക്കുന്ന അവസ്ഥയാണ്.
തോട്ടപ്പള്ളിക്കും വാടക്കലിനുമിടയിൽ തീരദേശ റോഡിലും നായകളുടെ വിളയാട്ടം കാരണം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. നായ കുറുകെ ചാടി അപകടത്തിൽപെട്ട് നിരവധി പേരാണ് ചികിത്സ തേടുന്നത്. അക്രമകാരികളായ നായ്ക്കളെ തുരത്താൻ പഞ്ചായത്തുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.