“ഒമ്പത് രാത്രികൾ” എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഒരു ഉത്സവമാണ്. നവരാത്രി സർവവ്യാപിയായ ശക്തിയായ ദേവിയെ, മഹാദേവിയും ദിവ്യമാതാവുമായ ദേവിയെ ആദരിക്കുന്നു.ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന വേള കൂടിയാണ് നവരാത്രി ദിനങ്ങള്‍ .
അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില്‍ അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദികുറിക്കുന്നദിനങ്ങള് പകര്‍ന്നു തരുന്നത് അനിതരസാധാരണമായ ഉല്‍സവ കാഴ്ചയാണ്.
കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി,പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു.
അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള്‍ അവയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ നിരത്തി വയ്ക്കുന്നു. നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു.
ബൊമ്മക്കൊലുകളില്‍ ഏറ്റവും പ്രധാന്യം കല്‍പ്പിക്കുന്നത് മരപ്പാച്ചി ബൊമ്മകള്ക്കാണ്. ഈ മരപ്പാച്ചി ബൊമ്മകള്‍ നിര്‍മിച്ചിരിക്കുന്നത് രക്തചന്ദനത്തിലാണ്. കളിമണ്‍ പ്രതിമകള്‍ നിരത്തി പ്രത്യേകം പട്ടുതുണികള്‍ വിരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.പൂജയെടുപ്പിന് പൂജിച്ച ബൊമ്മകള്‍ ഭക്തര്‍ക്ക് നല്‍കും. ഇത് വീടുകളില്‍ വെക്കുന്നത് ഐശ്വര്യം നിറക്കുമെന്നാണ് വിശ്വാസം.
ബാലികാ പൂജ
ബൊമ്മക്കൊലു കാണാന്‍ വരുന്ന ഭക്തര്‍ക്ക് നവധാന്യത്തില് തയാറാക്കിയ പ്രസാദം നല്കി സന്തോഷത്തോടെയാണ് ഓരോരുത്തരെയും മടക്കി അയയ്ക്കുന്നത്. നവരാത്രി ദിനത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന മറ്റെരു ആചാരം ബാലികാ പൂജയാണ്. ബൊമ്മക്കൊലു ആരാധിക്കുന്ന സമയത്ത് തന്നെ ബാലികമാരെ ദേവീസങ്കല്‍പ്പത്തില്‍ ആരാധിക്കുന്നു. ഇവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളും ആഭരണങ്ങളും വച്ചാണ് ആരാധന നടത്തുന്നത്.
ബാലികമാര്‍ മാത്രമല്ല കന്യകമാര്‍ക്കും സുമഗലിമാര്ക്കുമായും നവരാത്രി ദിനങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കിയ സ്ഥലങ്ങളില്‍ പൂജകള്‍ നടത്തി വരുന്നു. ബൊമ്മക്കൊലു കാണാന്‍ വരുന്ന സുമംഗലിമാര്ക്കായി പ്രത്യേക പൂജയും കൂടാതെ താംമ്പൂല വിതരണവും നടത്തുന്നു.
ഒന്‍പത് ദിവസത്തെ പൂജ അവസാനിക്കുന്ന പത്താം ദിവസം വൈകിട്ട് പാലും ശര്‍ക്കരയും ഭഗവാന് നേദിച്ച് വടക്കുനോക്കി ഒരു വിഗ്രഹത്തിനെ മലര്‍ത്തി കിടത്തുന്നതിലൂടെ ആ വര്‍ഷത്തെ നവരാത്രി പൂജക്കായി ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു എന്നുള്ള കണ്ണിന് കുളിര്‍മ നല്‍കിയിരുന്ന ഈ കാഴ്ചയ്ക്ക് തിരശീല വീഴുന്നു.
പതിനൊന്നാം ദിവസം എല്ലാം ഭദ്രമായി പടിയില്‍ നിന്നെടുത്ത് അടുത്ത വര്‍ഷത്തെ നവരാത്രി ദിനങ്ങളെ കാത്തിരിക്കുകയാണ് തളി ബ്രഹ്മണ സമൂഹമഠത്തിലുള്ളവര്.എല്ലാം മറന്നൊന്ന് കൂടാനും ആടാനം പാടാനും…
പതിനൊന്ന് പടികളില്‍ ബൊമ്മക്കൊലു
കോഴിക്കോട് ജില്ലയിലെ തളി ബ്രാഹ്മണ സമൂഹമഠത്തില്‍ പതിനൊന്ന് പടികളിലായാണ് ബൊമ്മക്കോലു ഒരുക്കിയിരിക്കുന്നത്. മഹിഷാസുരനെ ദേവീ കാളിയുടെ വേഷത്തില്‍ വന്ന് നിഗ്രഹിച്ച് ദേവഗണങ്ങളെ രക്ഷിച്ചതിന്റെ ഓര്മ കൂടിയാണ് ബൊമ്മക്കൊലു ആഘോഷം. കുടുബത്തിന്റെ ഒരു കൂടിചേരല്‍ കൂടിയാണിത്. നിരവധി കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരു കാലമാണ് ഇത്.
സംഗീതം അറിയുന്നവര്‍ അതിനു മുന്നില്‍ നിന്ന് ആലപിക്കുന്നു നൃത്തമറിയുന്നവര്‍ അതിനു മുന്നില്‍ നിന്ന് നൃത്തം ചവിട്ടുന്നു. പാചകത്തില്‍ കഴിവുള്ളവര്‍ അവര്‍ നിര്‍മിച്ച വിഭവങ്ങള്‍ അവര്‍ക്കായി പ്രസാദ രൂപത്തില്‍ ബൊമ്മക്കൊലു കാണാന്‍ വരുന്നവര്‍ക്ക് നല്ക്കുന്നു. ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് ഈ ദിവസങ്ങളില്‍ പ്രാധാന്യമുള്ള മറ്റൊരു കാര്യം. ആദ്യ മൂന്ന് ദിവസം ലക്ഷ്മിദേവിയെയും അടുത്ത മൂന്ന് ദിവസം ദുര്‍ഗ ദേവിയെയും അവസാന മൂന്ന് ദിവസം സരസ്വതി ദേവിയെയുമാണ് പൂജിക്കുന്നത്.
ബൊമ്മക്കൊലു ഒരുക്കുന്നതിന് കലാപരമായും ചിട്ടയോടുകൂടിയുമാണ്. ഏറ്റവും മുകളിലുള്ള നിലയിലാണ് ശിവപാര്‍വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് നവദുര്‍ഗയും സംഗീത മൂര്‍ത്തികളും അതിനു താഴെ ദശാവതരത്തിലെ വിവിധ രൂപങ്ങളും അതിനു ശേഷം രാമായണം, ശിവപാര്‍വതി കല്യാണം, സുബ്രഹ്മണ്യന് ഏറ്റവും താഴെ കല്യാണക്കോലങ്ങള് എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ഇതിനു പുറമേ കൃഷ്ണനും ഗോപികയും വൃന്ദാവനത്തില്‍ കളിക്കുന്നത്, രാജസഭ, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കൊപ്പം നവധാന്യങ്ങള്‍ നിരത്തിവെച്ച് മുന്നില്‍ കലശവും നിലവിളക്കും വച്ച് ഒന്‍പത് ദിവസവും പൂജ നടത്തുന്നു.
- വിഘ്നേശ് തട്ടാങ്കണ്ടി
- ഫോട്ടോ-രമേശ് കോട്ടൂളി