കോട്ടയം: കരയിൽ നായശല്യം പോലെ ഭീഷണി ഉയര്‍ത്തുകയാണ് പുഴകളിലും തോടുകളിലും കായലിലും പെരുകിവളരുന്ന നീര്‍നായകള്‍. നായകള്‍ക്കു മാത്രമല്ല നീര്‍നായ കടിച്ചാലും പേ വിഷ പ്രതിരോധ കുത്തവയ്പെടുക്കണം.
പമ്പ, അഴുത, മീനച്ചില്‍, മണിമല നദികളിലും കൈത്തോടുകളിലും അടുത്തകാലത്തായി നീര്‍നായകളുടെ കടിയേറ്റവര്‍ ഏറെയാണ്. കുളിക്കാനും തുണിയലക്കാനും മീന്‍പിടിക്കാനും ജലസ്രോതസുകളില്‍ ഇറങ്ങി നീര്‍നായകളുടെ കടിയേറ്റ നൂറിലേറെ പേരാണ് സമീപ മാസങ്ങളില്‍ ചികിത്സ തേടിയത്.
കരയിലും വെള്ളത്തിലും നീര്‍നായകള്‍ക്ക് കഴിയാമെന്നതിനാല്‍ എവിടെവച്ചും ഇവയുടെ ആക്രമണമുണ്ടാകാം. കൂര്‍ത്ത പല്ലുകള്‍കൊണ്ട് മാംസം ആഴത്തില്‍ കടിച്ചെടുക്കുന്നതോടെ അമിതമായി രക്തം വാര്‍ന്ന് മരണം വരെ സംഭവിക്കാം.
മീനച്ചിലാറ്റില്‍ ചുങ്കം ഭാഗത്ത് അടുത്തയിടെ കണ്ടെത്തിയത് കേരളത്തിലെതന്നെ ഏറ്റവും വലിപ്പംകൂടിയ നീര്‍നായകളെയാണ്. കുമരകം കായലില്‍നിന്നു തോട്ടിലൂടെ പുഴയിലെത്തിയ ഈ ഇനത്തിന് ഏഴു കിലോ മുതല്‍ 11 കിലോ വരെ ഭാരമുണ്ടാകും. മീന്‍, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. നദിയില്‍ ഇറങ്ങിയാല്‍ പല്ലുകൂര്പ്പിച്ച് കൂട്ടമായെത്തി കടിച്ചുകീറും.
ജലസ്രോതസിനു സമീപമുള്ള മാളങ്ങളിലാണ് ഇവ പ്രസവിക്കുന്നത്. ഒരു പ്രസവത്തില്‍ ശരാശരി അഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടാവും.
നീര്‍നായകള്‍ എപ്പോഴും കൂട്ടമായാണ് സഞ്ചരിക്കുന്നത്. വെള്ളവും കരയും ചേരുന്ന ഭാഗത്ത് മാളങ്ങള്‍ ഉണ്ടാക്കി അതിനുള്ളിലാണ് താമസം. മീന്‍കുളങ്ങളില്‍ ഇവയുടെ സാന്നിധ്യവും ശല്യവും കൂടുതലാണ്.